കൊച്ചി : യൂട്യൂബറെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ലുലു. സിനിമ താരങ്ങളെ പോലെ പബ്ലിക്ക് ഫിഗറാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. അത് ഉള്‍ക്കൊള്ളാനുള്ള മാനസിക കരുത്തില്ലെങ്കില്‍ പൊതുവേദികളില്‍ ഇറങ്ങാതെ ഒതുങ്ങി ജീവിക്കണമെന്ന് ഒമര്‍ ലുലു പറഞ്ഞു. ബാലയുടെ പേരെടുത്ത് പറയാതെയായിരുന്നു ഒമര്‍ലുലുവിന്റെ പ്രതികരണം.
‘ നമ്മള്‍ ഒരു പബ്ലിക്ക് ഫിഗറാകുമ്പോള്‍ പലരും പല അഭിപ്രായങ്ങള്‍ പറയും. ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള മാനസിക കരുത്തില്ലെങ്കില്‍ പൊതുവേദികളില്‍ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക’- ഒമര്‍ ലുലു പറഞ്ഞു.സംഭവത്തില്‍ ബാലയ്‌ക്കെതിരെ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സിന്റെ പരാതിയിലാണ് പൊലീസ് നടപടി.
കേസെടുത്തതിന് പിന്നാലെ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാല്‍ പരിശോധനയില്‍ തോക്ക് കണ്ടെത്തിയിട്ടില്ല. ബാലയെ വിമര്‍ശിച്ച് അജു അലക്‌സ് സ്വന്തം യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബാല ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഫ്‌ളാറ്റിലെത്തിയ ബാല വസത്രങ്ങള്‍ വലിച്ചിട്ടെന്നും വീഡിയോ തയ്യാറാക്കാന്‍ വച്ചിരുന്ന ബാക്‌ഡ്രോപ്പ് കീറിയ ശേഷം വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബാക്ക് അപ്പോഴറിയാമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ സിനിമ മേഖലയിലെ പ്രമുഖ താരങ്ങളെ ആക്ഷേപിച്ചതിന് സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മാപ്പ് പറയിപ്പിക്കാന്‍ ബാല കോടതിയാണോ എന്നു ചോദിച്ചായിരുന്നു അജു അലക്‌സ് വീഡിയോ പങ്കുവച്ചത്.
താന്‍ ഭീഷണിപ്പെടുത്താന്‍ വേണ്ടിയല്ല അവിടെ പോയതെന്ന് ബാല പറഞ്ഞിരുന്നു. ഒരു ഗുണ്ടായിസവും കാണിച്ചിട്ടില്ല, ശരിക്കും ഞാന്‍ അവിടെ പോയിരുന്നു. കുടുംബവുമായി അരെങ്കിലും വഴക്കിടാന്‍ പോകുമോ. ഒരിക്കലും ഇല്ല, ഞാന്‍ ഒരു കാര്യം പറയാന്‍ വേണ്ടി മാത്രം പോയതാണ്. വളരെ മാന്യമായി സംസാരിച്ച് തിരിച്ചുവന്നു എന്നാണ് ബാല പറയുന്നത്.
‘ തിരിക്കിറങ്ങുമ്പോള്‍ സുഹൃത്ത് ചിരിച്ച് കൊണ്ട് സംസാരിക്കുന്നത്. വീടൊക്കെ അടിച്ചുപൊട്ടിച്ചെങ്കില്‍ ആരെങ്കിലും ചിരിച്ചുകൊണ്ട് സംസാരിക്കുമോ. അവിടെയുള്ള പിള്ളേരോട് ചോദിക്കൂ, അവര്‍ കള്ളം പറയില്ല’- ബാല പറഞ്ഞു.