Actress attack case: ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു;
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വധഗൂഡാലോചനക്കേസില്‍ തെളിവായാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി.
2016 ഡിസംബര്‍ 26-ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. ആലുവ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്തെങ്കിലും ഓടിക്കാന്‍ കഴിയാത്ത നിലയിലാണ് വാഹനം. അതുകൊണ്ടുതന്നെ ഈ കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഉടമയായ ദിലീപിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. ആവശ്യപ്പെടുന്ന സമയത്ത് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ ക്രൈംബ്രാഞ്ച് കാര്‍ ദിലീപിന് കൈമാറി.
ആലുവയിലെ വീട്ടില്‍നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവര്‍ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്.