ദിലീപ് ഡേറ്റ് തന്നു: പക്ഷെ ആദ്യ കഥ അവർ അടിച്ചുകൊണ്ട് പോയി; പിന്നെ ആ സിനിമയും പുറത്തിറങ്ങി
കൊച്ചി:ദിലീപിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു ദി ഡോണ്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് ആക്ഷന്‍ ഹീറോയായി എത്തിയെങ്കിലും ഡോണിന് അക്കാലത്തെ മറ്റ് ദിലീപ് ചിത്രങ്ങളെപ്പോലെ വിജയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അണിയറയില്‍ സംഭവിച്ച കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് നിർമ്മാതാവായ എസ് ചന്ദ്രകുമാർ.
നമ്മള്‍ എത്ര ശ്രമിച്ചാലും ദിലീപിന്റെ ഒരു പടം കിട്ടണം എന്നില്ല. നമ്മുടെ ചന്ദ്രനല്ലേ എന്നും പറഞ്ഞ് പുള്ളി എനിക്ക് ഒരു സിനിമ ചെയ്ത് തന്നതാണ്. എന്നേക്കാളും വലിയ എത്ര പേര് ഒരു ഡേറ്റിനായി നടക്കുന്നുണ്ട്. ആ സമയത്ത് ഇറങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം വലിയ ഹിറ്റാണ്. ദിലീപ് അസിസ്റ്റന്‍റ് ഡയറക്ടറായി വരുന്ന കാലം മുതല്‍ തന്നെ എനിക്ക് അദ്ദേഹവുമായി പരിചയമുണ്ട്. പുള്ളി വലിയ വിജയത്തിന് നടുക്ക് നില്‍ക്കുന്ന സമയത്താണ് എനിക്ക് ഡേറ്റ് തരുന്നതും ഞാന്‍ പടം ചെയ്യുന്നതും.
ദിലീപിനെ ഒന്നും പറയാന്‍ എനിക്ക് സാധിക്കില്ല. അദ്ദേഹമാണ് എന്നെ രക്ഷിച്ചത്. പടം വിജയിക്കുന്നോ പരാജയപ്പെടുന്നോ എന്നുള്ളത് എന്റെ വിധിയാണ്. ആ ചിത്രത്തിനായി സൂപ്പർ ഒരു വിഷയമായിരുന്നു ഉണ്ടാക്കിവെച്ചിരുന്നത്. അതൊക്കെ വേറൊരു രീതിയില്‍ പോയി. പള്ളാശ്ശേരി സാറാണ് സിനിമയുടെ കഥ എഴുതിയത്. ആ കഥ നമ്മള്‍ വേറൊരു സ്ഥലത്ത് ചെന്ന് പറഞ്ഞപ്പോള്‍ മറ്റ് രണ്ട് എഴുത്തുകാർ അത് അടിച്ചുകൊണ്ടു പോയി. ആ പടം പിന്നീട് അവർ ഇറക്കുകയും ചെയ്തെന്നും ചന്ദ്രകുമാർ പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കഥ നമ്മള്‍ വേറെ ആരുടെയെങ്കിലും അടുത്ത് ചെന്നിരുന്ന് പറയുമ്പോള്‍ നമ്മുടെ ജീവിതമാണ് പോകുന്നത്. എന്റെ രണ്ടാമത്തെ പടത്തിന്റെ സമയത്ത് പുള്ളിയുടെ അനുഗ്രഹം വാങ്ങിക്കാന്‍ പോകാന്‍ സാധിച്ചില്ല. അതില്‍ എനിക്ക് ഇന്നും കുറ്റബോധമുണ്ട്. എന്റെ ആദ്യ സിനിമക്ക് വേണ്ടി ഉറക്കമിളച്ച് എഴുതിയ വ്യക്തിയാണ് അദ്ദേഹം.
ഒരു ദിവസം ഷൂട്ടിങ് നടക്കാന്‍ 15 ലക്ഷം രൂപ ചിലവുണ്ടായിരുന്നു. ആർട്ടിസ്റ്റുകളുടെ പൈസ കൂടാതെയാണ് ഇത്. ഈ കണക്ക് വെച്ച് 60 ദിവസത്തേക്ക് എത്ര രൂപയാകും എന്ന് ഒന്ന് നോക്ക്. ഷൂട്ടിങ് 100 ദിവസത്തിലേക്ക് നീണ്ടാല്‍ എത്ര ചിലവാകും. ഒരു സംവിധായകന്‍ വന്ന് 60 ദിവസത്തിനുള്ളില്‍ പടം ചെയ്യാമെന്ന് പറഞ്ഞു. ഷൂട്ടിങ് കഴിയുമ്പോള്‍ തന്നെ 100-150 ദിവസം പിടിച്ചാല്‍ ഞാനെന്ത് ചെയ്യും. ആ പടമെ വേണ്ടെന്ന് വെച്ചു. ആ അഡ്വാന്‍സ് തിരിച്ച് വാങ്ങിച്ച് എടുക്കാന്‍ പെട്ട പാട് എനിക്ക് അറിയാം.
ആ സംവിധായകന്റെ ജനഗണമന എന്ന പടം പിന്നീട് ഹിറ്റായി. അതിന് മുന്നെയാണ് ഞാന്‍ അദ്ദേഹത്തിന് അഡ്വാന്‍സ് കൊടുക്കുന്നത്. പക്ഷെ പുള്ളിയുടെ സ്വഭാവ രീതി എനിക്ക് ഇഷ്ടമായില്ല. മറ്റൊരു സംവിധായകനുണ്ടല്ലോ, ലാല്‍ ജോസിനെ വെച്ച് പടം എഴുതിയത്. പുള്ളി എനിക്ക് 5 ലക്ഷം രൂപ തരാനുണ്ട്. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. എനിക്ക് കിട്ടാനുള്ള പണം എങ്ങനെയെങ്കിലും ഞാന്‍ വാങ്ങിച്ച് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.