CrimeKeralaNews

ദിലീപിന് തിരിച്ചടി, വാദം തള്ളി ഹൈക്കോടതി: ആ പെൺകുട്ടിയുടെ വേദന മനസ്സിലാക്കണമെന്നും കോടതി

കൊച്ചി: ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ താരത്തിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി വിചാരണ കോടതിയെ അപകീർത്തിപ്പെടുത്താനല്ലെന്ന് വ്യക്തമാക്കിയ കോടതി വിചാരണ വൈകിപ്പിക്കാനാണ് അതിജീവിതയുടെ ഹർജിയെന്ന ദിലീപിന്റെ വാദവും തള്ളുകയായിരുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കോടതിയുടെ കൈവശമിരിക്കെ പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമ‍ർശങ്ങള്‍.

സംഭവത്തില്‍ അന്വേഷണം വേണമെന്ന വാദത്തില്‍ അതിജീവിത ഉറച്ച് നിന്നു. കോടതിയുടെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണം അനിവാര്യമാണെന്ന് സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അതിജീവിതയുടെ വാദം. അതേസമയം, മെമ്മറി കാർഡ് പലതവണ എഫ് എസ് എൽ പരിശോധിച്ചെന്ന് സാക്ഷി സമ്മതിച്ചെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.

അതേസമയം, അടച്ചിട്ട കോടതി മുറിയില്‍ നടക്കുന്ന മൊഴികളും വാദങ്ങളും എട്ടാം പ്രതിയുടെ അഭിഭാഷകന്‍ പരസ്യമാക്കിയതിനെ സർക്കാർ അഭിഭാഷകൻ വിമർശിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ നടത്തുന്ന വാദങ്ങള്‍ തെറ്റാണ്. യഥാർത്ഥ മെമ്മറി കാർഡ് എഫ് എസ് എല്‍ ഉപയോഗിച്ചിട്ടില്ലെന്നും നിരവധി തവണ പരിശോധിച്ചു എന്ന് പറയുന്നത് ക്ലോണ്‍ഡ് കോപ്പിയാണെന്നും സർക്കാർ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതിയുടെ കസ്റ്റഡിയിലുള്ള പീഡനദൃശ്യങ്ങള്‍ അനധികൃതമായി മൂന്ന് തവണ പരിശോധിച്ചെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും സർക്കാർ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫോറന്‍സിക് പരിശോധനയിലായിരുന്നു കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡുകള്‍ അനധികൃതമായ പരിശോധിച്ചുവെന്ന് കണ്ടെത്തിയത്.

അങ്കമാലി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 ന് രാത്രി 9.58 നാണ് ദൃശ്യങ്ങൾ ആദ്യമായി അനധികൃതമായി പരിശോധിച്ചത്. അതേ വർഷം ഡിസംബർ 13ന് എറണാകുളം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ രാത്രി 10.50 ന് വീണ്ടും മെമ്മറി കാർഡ് തുറന്നു. പിന്നീട് 2021 ജൂലൈ 19ന് വിചാരണ കോടതിയിൽ ഉച്ചക്ക് 12 മണിക്ക് മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിൽ ഉപയോഗിച്ചതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം അതിജീവിത നേരത്തെ പിന്‍വലിച്ചിരുന്നു. ഹൈക്കോടതിയിലിരിക്കുന്ന കേസിന്റെ നടപടികള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇതിന് മറുപടിയായി ഇല്ലെന്ന് നടിക്ക് വേണ്ടി ഹാജരായ അഡ്വ ടിബി മിനി അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button