മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസർമാരായി ചമഞ്ഞ തട്ടിപ്പുകാര്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ശിവാങ്കിതയെ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കസ്റ്റഡിയില്‍ വച്ചു. കുടുംബത്തോടൊപ്പം ആഗ്രയിൽ താമസിക്കുന്ന ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവാങ്കിത ദീക്ഷിതിന് സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നാണ് കോൾ വന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയിൽ പങ്കാളിയാണ് ശിവാങ്കിതയെന്നുള്ള തെളിവുകൾ ഉണ്ടെന്നായിരുന്നു ഭീഷണി. കൂടാതെ ശിവാങ്കിതയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകലും കവർച്ചയും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞു.
തുടര്‍ന്ന് വാട്ട്‌സ്ആപ്പ് വഴി ഒരു വീഡിയോ കോൾ വിളിക്കാൻ നിര്‍ബന്ധിച്ചു. പൊലീസ് യൂണിഫോമിൽ “സൈബർ പോലീസ് ഡൽഹി” എന്ന് പിന്നില്‍ ബോര്‍ഡ് ഒരാളാണ് കോളിൽ പ്രത്യക്ഷപ്പെട്ടത്. കോളിനിടയിൽ തന്നെ നാല് പേരുമായി സംസാരിക്കാൻ പ്രേരിപ്പിച്ചതായി ശിവാങ്കിത പറഞ്ഞു.
ഒരു സ്ത്രീയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരലക്ഷം രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. കടുത്ത സമ്മർദത്തില്‍ അക്കൗണ്ട് പരിധി അനുവദിച്ച പരമാവധി തുകയായ 99,000 രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അധിക പണം കടം വാങ്ങാനും തട്ടിപ്പുകാര്‍ പ്രേരിപ്പിച്ചു. തട്ടിപ്പ് മനസിലാക്കിയ ശിവാങ്കിത ദീക്ഷിതും കുടുംബവും സൈബർ പോലീസിൽ പരാതി നൽകുകയും തുടർന്ന് ഓൺലൈൻ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.