നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് ‘; ഫേസ്ബുക്ക് കമന്റിന് മറുപടിയുമായി ധർമജൻ ബോള്‍ഗാട്ടി
കൊച്ചി:ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപ കമന്റിന് മറുപടിയുമായി നടൻ ധർമജൻ. ധർമൂസിന്റെ പേരിൽ വാങ്ങിച്ച കാശ് തിരികെ കൊടുത്തിട്ടില്ലെന്നും ഇത്തരത്തിൽ ഒരുപാട് പേരെ ധർമജൻ പറ്റിച്ചുവെന്ന തരത്തിലും ആയിരുന്നു കമന്‍റ്. ഫെബ്രുവരി 21ന് അരിസ്റ്റോ സുരേഷിനൊപ്പം ഇട്ട പോസ്റ്റിന് താഴെ ആയിരുന്നു ഈ കമന്റ് വന്നത്. ഒടുവിൽ കമന്റ് ശ്രദ്ധയിൽപ്പെട്ട ധർമജൻ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞു. മറ്റുള്ളവർ തന്നെയാണ് പറ്റിക്കുന്നതെന്നും താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും ധർമജൻ പറയുന്നു.
‘ഓർമ്മയുണ്ടോ ധർമജ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട് അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്, പക്ഷെ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കൈയിൽ നിന്ന് മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ഇനി വേറെ ഒരാൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ’, എന്നായിരുന്നു വിശാഖ് കാർത്തികേയൻ എന്ന ആളുടെ കമന്റ്.
ഇതിന്, ‘വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ …എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു…പക്ഷേ വിശ്വസിച്ചവർ ചതിച്ചു. പേര് പോയത് എന്റെ’, എന്നാണ് ധർമജൻ മറുപടി നൽകിയത്.