കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഡിജിപി അറിയിച്ചു. കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് കേന്ദ്രസേനകള്‍ കൂടുല്‍ അന്വേഷണം നടത്തിവരികയാണ്.
കൊല്ലം കുളത്തൂപ്പുഴയിലെ മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെയാണ് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. 14 വെടിയുണ്ടകളില്‍ 12 എണ്ണത്തിലും പാകിസ്താന്‍ ഓര്‍ഡന്‍സ് ഫാകടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പാകിസ്താന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണ് പിഒഎഫ്. ഇതോടെയാണ് അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപ്പെട്ടത്. കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോണ്‍ കുരുവിളക്കാണ് അന്വേഷണ ചുമതല.
എന്നാല്‍, സംഭവത്തില്‍ കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചു. കുളത്തൂപ്പുഴയിലെ വനമേഖലകളിലും സംഘം തിരച്ചില്‍ നടത്തി. എന്‍ഐഎ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.