ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ ചുമരില്‍ സ്ഥാപിച്ചിട്ടുള്ള ആനത്തലയുടെ രൂപത്തില്‍നിന്ന് തീര്‍ത്ഥമൊഴുകാനുള്ള ചാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് എ.സിയിലെ വെള്ളം വന്നുകൊണ്ടിരുന്നത്.
നൂറുക്കണക്കിനു പേരാണ് ദിവസേന ഈ ജലം അമൃതാണെന്ന ധാരണയില്‍ കുടിച്ചുകൊണ്ടിരുന്നത്. ചിലര്‍ പാത്രങ്ങളുമായി എത്തി ജലം ശേഖരിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു.
ക്ഷേത്രത്തിലെത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് തീര്‍ത്ഥത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് . തീര്‍ത്ഥാടകരോട് അത് എ.സിയില്‍ നിന്ന് വരുന്ന വെള്ളമാണെന്ന് പറയുകയും ഈ രംഗം ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. എസിയിലെ വെള്ളമാണ് ആളുകള്‍ കുടിച്ചുകൊണ്ടിരുന്നതെന്ന് ക്ഷേത്ര അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരേ വലിയ വിമര്‍ശനമാണുയരുന്നത്.
ആളുകള്‍ വിദ്യാഭ്യാസം നേടേണ്ടത് അത്യന്താപേഷിതമാണെന്ന് ചിലര്‍ കമന്റ് ചെയ്തു. എ.സിയില്‍ നിന്നുവരുന്ന വെള്ളത്തില്‍ പലവിധ ഫംഗസുകൾ അടങ്ങിയിട്ടുണ്ടാകുമെന്നും ആരോഗ്യത്തിന് ദോഷമാണെന്ന് ഡോക്ടര്‍മാരും പറയുന്നു.