News

മമ്മൂക്ക പറഞ്ഞു ‘ലവ് യൂ’.. ചുറ്റുമുള്ളതൊന്നും നോക്കിയില്ല, തെറ്റിയിരുന്നേൽ എയറില്‍ പോയേനെ: കുഞ്ചാക്കോ ബോബൻ

കൊച്ചി: ‘ചാക്കോച്ചാ മോനേ, നീ പൊളിച്ചൂടാ…’; 35 വർഷത്തിന് ശേഷം താൻ സംഗീതം നൽകിയ ഗാനം പുനരാവിഷ്ക്കരിച്ചപ്പോൾ സംഗീതസംവിധായകൻ ഔസേപ്പച്ചൻ പറഞ്ഞ വാക്കുകള്‍ ഓരോ മലയാളിയും പറയുന്നുണ്ട്. ക്വയർ ടീമിനൊപ്പം മമ്മൂട്ടി ആസ്വദിച്ച് പാടുന്ന ദേവദൂതർ പാടി ഉത്സവപ്പറമ്പിലെത്തിയപ്പോൾ മതിമറന്ന് ചുവടു വച്ച് കുഞ്ചാക്കോ ബോബൻ ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. ഇത് എന്റെ നാട്ടിലെ ആ ചേട്ടനല്ലേ എന്നാണ് ചാക്കോച്ചനെ കണ്ടവർ ചോദിക്കുന്നത്. ഡാൻസ് അറിയാത്ത ആൾ നൃത്തം വയ്ക്കുന്നത് എങ്ങനെയെന്ന് അഭിനയിച്ച് ഫലിപ്പിക്കുക എന്ന വെല്ലുവിളി വിജയകരമായി ഏറ്റെടുത്ത് പ്രേക്ഷകരുടെ ഇഷ്ടം ഒന്നുകൂടി ഉറപ്പിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

വളരെയധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എവർഗ്രീൻ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തിൽ അവതരിപ്പിക്കുമ്പോൾ അത് മോശമാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഇത് കണ്ട അദ്ദേഹം വാട്സാപ്പിലൂടെ ഒരു തമ്പ്സ് അപ്പും നന്നായി ഇരിക്കുന്നു, ലവ് യൂ എന്നുമാണ് മറുപടി തന്നത്. എന്നെ സംബന്ധിച്ച് ശരിക്കും ഫാൻബോയ് മൊമന്റ് എന്ന് പറയാം. അദ്ദേഹം തന്നെ അത് ഒഫീഷ്യലായി അനൗൺസ് ചെയ്തു. മാത്രമല്ല ഔസേപ്പച്ചൻ ചേട്ടൻ വിളിച്ച് സന്തോഷം അറിയിച്ചു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം സന്തോഷം പങ്കുവച്ചു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കിൽ നാട്ടുകാർ എയറിൽ നിർത്തിയേനെ. ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷവും സമാധാനവുമുണ്ട്.

സംവിധായകന്‍ രതീഷിന്റെ തീരുമാനമാണ് ഈ ഗാനത്തിലേക്ക് എത്തിച്ചത്. കഥാപാത്രം നൃത്തപ്രേമിയാണ്. പക്ഷേ നൃത്തം അഭ്യസിച്ചിട്ടില്ല. ഈ ഗാനം പ്രിയപ്പെട്ടതാണ്. അങ്ങനെ ഈ പാട്ടിന്റെ റൈറ്റ്സ് എടുത്ത് റീക്രിയേറ്റ് ചെയ്തു. പാടിയത് ബിജു നാരായണനാണ്. പാടിയതും ഓർക്കസ്ട്രേഷനുമെല്ലാം ഔസേപ്പച്ചൻ ചേട്ടന് ഇഷ്ടമായെന്ന് പറയുമ്പോൾ സന്തോഷം.

രതീഷ് എന്താണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞു. അത് ഞാൻ മനസ്സിൽ വച്ചിരുന്നു. ആദ്യം കൊറിയോഗ്രാഫറെ വച്ച് ചെയ്യാമെന്നു പറഞ്ഞു. ഞാൻ ശ്രമിക്കാം, പറ്റിയില്ലെങ്കിൽ കൊറിയോഗ്രാഫറുടെ സഹായം തേടാമെന്ന് പറഞ്ഞു. ഷോട്ട് എടുക്കുന്ന സമയത്ത് രണ്ട് മൂന്ന് നൃത്തച്ചുവടുകൾ കാണിച്ചു. അപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. പിന്നെ ചുറ്റുമുള്ളതൊന്നും ഒന്നും നോക്കിയില്ല. അങ്ങ് ഡാൻസ് ചെയ്തു.

ഇങ്ങനെ ഒരാൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടെന്ന് പലരും പേരെടുത്തു തന്നെ പറയുന്നു. ഈ പാട്ട് വന്നതോടു കൂടി തിയറ്ററിൽ തന്നെ ഈ സിനിമ കാണണമെന്ന് ആളുകൾ പറയുന്നു. എല്ലാം ഒത്തുവന്നപ്പോള്‍ സംഭവിച്ചതാണ്. ഭാഗ്യമെന്നാണു കരുതുന്നത്. സിനിമയുടെ മുന്നിലും പിന്നിലും ഉണ്ടായിരുന്ന കലാകാരന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം. ഈ ഗാനം നല്ലൊരു സിനിമയിലൂടെ പുനർജീവിക്കുന്നു എന്നതും വലിയ കാര്യമാണ്.

എന്നെ സംബന്ധിച്ച് ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. അനിയത്തിപ്രാവ് പുറത്തിറങ്ങി 25ാം വർഷമാണ് ‘ന്നാ താന്‍ കേസ് കൊട്’ എത്തുന്നത്. കാതോട് കാതോരം ഇറങ്ങിയിട്ട് 35 വര്‍ഷം. രണ്ടിന്റെയും സംഗീതസംവിധായകൻ ഔസേപ്പച്ചൻ ചേട്ടൻ. ഇത് 201ാം സിനിമയാണെന്നാണ് അദ്ദേഹം തന്നെ അവകാശപ്പെടുന്നത്. ദേവദൂതർ പാടി എന്ന ഗാനത്തിന് ചുവടു വയ്ക്കാൻ സാധിച്ചു. പരിചയമുള്ളവരും ഇല്ലാത്തവരും എല്ലാം എന്നെ വിളിക്കുന്നു. ഭാര്യ പ്രിയ പറഞ്ഞത് എന്താ സംഭവിക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല എന്നാണ്. മകൻ ഇസയാണെങ്കിൽ ഈ സിനിമയിലെ രണ്ട് ഗാനങ്ങളും മൂളി നടക്കുന്നു. ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം വാക്കുകൾക്കുമപ്പുറമാണ്. എല്ലാം അനുഗ്രഹമായി കരുതുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker