KeralaNationalNews

ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നു’അധികാരം കവർന്നെടുക്കുന്നു’;ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരേ അസാധാരണ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവർന്നെടുക്കുന്നുവെന്ന് ആരോപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി.പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മിഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്ക് ആണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്. എന്നാൽ ഭരണഘടനയുടെ 226-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ മാറ്റി എഴുതാനാണ് കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് കുറ്റപ്പെടുത്തുന്നു.

ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി.വി. പ്രകാശിനെ ദേവസ്വം കമ്മിഷണറായി നിയമിച്ചത്. എന്നാൽ ദേവസ്വം ബെഞ്ചിന്റെ ഈ നടപടി ജുഡീഷ്യൽ അച്ചടക്കത്തിന്റെ ലംഘനമാണെന്ന ഗുരുതര ആരോപണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിന്റെ 13 ബി വകുപ്പിനെ സംബന്ധിച്ച് 2019 ൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ഇപ്പോഴത്തെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവെന്നും ബോർഡ് തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹൈക്കോടതി ദേവസ്വം ബെഞ്ചിന് എതിരെയാണോ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹർജി ഫയൽ ചെയ്തിരിക്കുന്നത് എന്ന് ജസ്റ്റിസുമാരായ വിക്രം നാഥും, പി.ബി. വരാലെയും അടങ്ങിയ ബെഞ്ച് ആരാഞ്ഞു. സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവർന്നത് എന്ന് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും, അഭിഭാഷകൻ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. മറ്റ് മാർഗം ഇല്ലാത്തതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇരുവരും കോടതിയിൽ വ്യക്തമാക്കി.

എന്നാൽ കേസിൽ ഹൈക്കോടതിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കക്ഷിയാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും, കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ഓഡിറ്റ് ഡിപ്പാർട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടർമാർ, ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്ന ഉന്നതാധികാര സമിതി എന്നിവരെയാണ് കേസിൽ എതിർ കക്ഷികളായി വച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker