ബെംഗളൂരു : വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം തുടർന്ന് കേരളം. ഛത്തീസ്ഗഡിനെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം എട്ടു വിക്കറ്റിന്റെ വിജയം നേടി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഛത്തീസ്ഗഡ് 48.1 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 83 പന്തും എട്ടു വിക്കറ്റും ബാക്കി നിർത്തി കേരളം വിജയത്തിലെത്തി.
മൂന്നാം ജയം നേടിയ കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഹരിയാനയ്ക്കും 14 പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിലെ മികവാണ് അവർക്ക് സഹായകമായത്.
സെഞ്ചറിയുടെ വക്കോളമെത്തിയ പ്രകടനവുമായി മിന്നിയ ഓപ്പണർ പി.രാഹുലാണ് ബാറ്റിങ്ങിൽ കേരളത്തിന്റെ നെടുന്തൂണായത്. രാഹുൽ 196 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 92 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സച്ചിൻ ബേബി 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്തും പുറത്താകാതെ നിന്നു. ഓപ്പണർ രോഹൻ എസ്.കുന്നുമ്മൽ (26 പന്തിൽ 22), വത്സൽ ഗോവിന്ദ് (69 പന്തിൽ 35) എന്നിവരാണ് പുറത്തായ താരങ്ങൾ.
കേരള നിരയിൽ രണ്ടാം വിക്കറ്റിൽ 134 പന്തിൽ 96 റൺസ് നേടിയ പി.രാഹുൽ – വത്സൽ ഗോവിന്ദ് സഖ്യമാണ് ഇന്നിങ്സിന് അടിത്തറയിട്ടത്. പിരിയാത്ത മൂന്നാം വിക്കറ്റിൽ രാഹുൽ – സച്ചിൻ ബേബി സഖ്യം 35 പന്തിൽ 47 റൺസും കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡിനായി സൗരഭ് മജുംദാർ അഞ്ച് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. വത്സൽ ഗോവിന്ദ് റണ്ണൗട്ടായി.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഛത്തീസ്ഗഡിനായി 62 പന്തിൽ 40 റൺസെടുത്ത അശുതോഷ് സിങ്ങ് ടോപ് സ്കോററായി. അജയ് മണ്ഡൽ (54 പന്തിൽ 30), തിവാരി (38 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേരളത്തിനായി അഖിൽ സ്കറിയ 9.1 ഓവറിൽ 25 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. എൻ.പി. ബേസിൽ ഒൻപത് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി.