തിരുവനന്തപുരം: പത്ത് വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് (Rape case) വിധേയമാക്കിയ ഡെപ്യുട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ കുട്ടിക്ക് പിഴയായി നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷ് വിധിച്ചു.
രണ്ടായിരത്തി പത്തൊൻപതിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അമ്മ മരണപ്പെട്ടുപോയ കുട്ടി പിതാവിനൊപ്പം ഉറങ്ങുന്ന സമയത്ത് കുട്ടിയെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ഉമ്മ വെക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ഉണ്ടായി എന്നതാണ് പ്രോസിക്യൂഷൻ കേസ്.
പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പഠിത്തത്തിൽ ശ്രദ്ധിക്കാതെ വരികയും ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് സ്വകാര്യമായി കാര്യങ്ങൾ അന്വേഷിക്കുകയും കുട്ടി ക്ലാസ് ടീച്ചറിനോട് പിതാവിൽ നിന്ന് ഉണ്ടായ ശാരീരിക ഉപദ്രവങ്ങൾ തുറന്ന് പറയുകയും ആയത് ക്ലാസ് ടീച്ചർ ഹെഡ്മിസ്ട്രസിന്റെയും സ്കൂൾ കൗണ്‍സിലറുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡെപ്യുട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാർ അന്വേക്ഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
നിയമപരമായി കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതര കുറ്റകൃത്യം ആണെന്നും പ്രതി യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോടും കോടതി നിർദ്ദേശിക്കുകയുണ്ടായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും പത്തൊൻപത് സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ തെളിവിൽ ഹാജരാക്കുകയും ഉണ്ടായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് അഭിഭാഷകരായ ഹഷ്മി വി. ഇസഡ്, ബിന്ദു വി സി എന്നിവർ കോടതിയിൽ ഹാജരായി.