FeaturedHome-bannerNationalNews

ദില്ലി ചലോ’ മാർച്ച്: അതിർത്തിയിൽ സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു,ട്രക്കുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി∙ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. നൂറുകണക്കിനു ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും പൊലീസ് പിടിച്ചെടുത്തു. ‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്തു അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

മൂന്നു വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സമരത്തെ അനുസ്മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയാറെടുപ്പുകളോടെയാണ് കർഷകർ ഡൽഹിയിലേക്ക് വരുന്നത് എന്നാണ് വിവരം. ഭക്ഷണം, വസ്ത്രം തുടങ്ങിയ സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്.

സമരത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ ഗേറ്റുകൾ അടച്ചു. മാർച്ചിനെ നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

രണ്ടായിരത്തിലേറെ ട്രാക്ടറുകളുമായി കാൽലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്കു വരാൻ തയാറെടുക്കുന്നത്. യാത്ര തടയാൻ ഡൽഹി അതിർ‌ത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചിരിക്കുകയാണ്. ഡൽഹിക്ക് അകത്തുള്ള കർഷകർ സംഘടിച്ചാൽ തടയാനും തീരുമാനിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തിയത്. 150ഓളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.

കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി ഇന്നലെ അർധരാത്രി കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തി. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും, ഉറപ്പിനു വ്യക്തതയില്ലെന്നും സമരം തുടരുമെന്നും കർഷകസംഘടന നേതാക്കൾ അറിയിച്ചു. സമരത്തിനു പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ വൻ സാന്നിധ്യവും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അതിർത്തിയിലെ കടയുടമകൾ. മുൻപ് ഡൽഹിയുടെ അതിർത്തികൾ സംഘർഷഭരിതമാക്കിയ കർഷക സമരം ആവർത്തിക്കുമോയെന്നാണ് വ്യാപാരികളുടെ പേടി. സമരം ശക്തമായാൽ പ്രദേശത്തെ കടകൾ അടച്ചിടേണ്ടിവരുമെന്നു വ്യാപാരികൾ പറയുന്നു.

സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് ആവശ്യപ്പെട്ടു. കർഷക മാർച്ച് തടയാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ അതിരു കടക്കുന്നതായും എഎപി നേതാവ് ആരോപിച്ചു.

സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര നിർദേശം തള്ളി ഡൽഹി സർക്കാർ

കര്‍ഷകസംഘടനകളുടെ രാജ്യതലസ്ഥാനം വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി.ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്‌ലോത് നിര്‍ദേശം തള്ളി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തെഴുതുകയും കര്‍ഷക മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

‘കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല’ ഡല്‍ഹി ആഭ്യന്തര മന്ത്രിയുടെ കത്തില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാര്‍, അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. രാജ്യത്തെ കര്‍ഷകര്‍ നമുക്ക് അന്നം തരുന്നവരാണ്, അവരെ അറസ്റ്റ് ചെയ്ത് ഈ രീതിയില്‍ പെരുമാറുന്നത് അവരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് കക്ഷിയാകാന്‍ കഴിയില്ലെന്നും ഗഹ്‌ലോത് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button