News

എംബസിക്ക് സമീപമുള്ള സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തു

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു തിരിച്ചറിഞ്ഞു. പിഇടിഎന്‍(പെന്റാഎറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തി. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. ഒന്‍പത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു.

അല്‍ഖ്വയ്ദ ഉള്‍പ്പടെയുള്ള ഭീകരസംഘടനകള്‍ ഉപയോഗിച്ചിട്ടുള്ള സ്‌ഫോടക വസ്തുവാണിത്. സംഭവത്തില്‍ ഐഎസ്, അല്‍ഖ്വയ്ദ ബന്ധവും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ഇസ്രയേല്‍ എംബസിക്കു സമീപം തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല. പകുതി കരിഞ്ഞ നിലയില്‍ പിങ്ക് നിറത്തിലുള്ള സ്‌കാര്‍ഫും ഇസ്രയേല്‍ അംബാസിഡര്‍ക്കെന്ന പേരിലുള്ള വിലാസം എഴുതിയ കവറും സംഭവ സ്ഥലത്തു നിന്നു ലഭിച്ചിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് ഇറാന്‍ പൗരന്മാരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന ഇറാന്‍ പൗരന്മാരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഇറാന്‍ വംശജരെയും ചോദ്യം ചെയ്തിരുന്നു.

കൂടാതെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു സംശയാസ്പദമായി രണ്ടു പേരെ അന്വേഷണസംഘം കണ്ടിരുന്നു. സ്‌കാര്‍ഫും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം ഇന്ത്യ തേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button