
വിശാഖപട്ടണം: ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഡൽഹി തകര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി.
210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. മികച്ച തുടക്കം മുതലെടുത്ത ലഖ്നൗവ് ഡൽഹിയെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.
പവര്‍ പ്ലേ അവസാനിക്കുമ്പോൾ 4 വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. ഫാഫ് ഡുപ്ലസി – അക്സര്‍ പട്ടേൽ സഖ്യം ഡൽഹി ആരാധകര്‍ക്ക് അൽപ്പ സമയത്തേയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാൻ ഇരുവര്‍ക്കുമായില്ല. ഡുപ്ലസി 18 പന്തിൽ 29 റൺസുമായും അക്സര്‍ പട്ടേൽ 11 പന്തിൽ 22 റൺസുമായും മടങ്ങി.
മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയതോടെ ചേസിംഗിന്റെ ഉത്തരവാദിത്തം ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ ചുമലുകളിലായി. 22 പന്തുകൾ നേരിട്ട സ്റ്റബ്സ് 34 റൺസ് നേടി മടങ്ങിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. സിദ്ധാര്‍ത്ഥ് എറിഞ്ഞ മത്സരത്തിന്റെ 13-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും പടുകൂറ്റൻ സിക്സറുകൾ പായിച്ച സ്റ്റബ്സിനെ തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് സിദ്ധാര്‍ത്ഥ് ലഖ്നൗ ആഗ്രഹിച്ചത് നൽകി.
എന്നാൽ, ഒരു ഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും മറുഭാഗത്ത് അശുതോഷ് ശര്‍മ്മയെന്ന അപകടകാരിയായ ബാറ്റർ നിലയുറപ്പിച്ചത് ലഖ്നൗവിനെ പ്രതിരോധത്തിലാക്കി. വിപ്‍രാജ് നിഗം – അശുതോഷ് സഖ്യം ആഞ്ഞടിച്ചതോടെ ലഖ്നൗ അപകടം മണത്തു. ഇരുവരും ചേര്‍ന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
17-ാം ഓവറിന്റെ ആദ്യ പന്തിൽ 7-ാം വിക്കറ്റ് വീണു. വിപ്‍രാജ് നിഗം (15 പന്തിൽ 39) മടങ്ങിയതോടെ ലഖ്നൗവിന് ശ്വാസം തിരികെ ലഭിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ സ്റ്റാര്‍ക്കും പുറത്തായതോടെ ഡൽഹിയുടെ മുഴുവൻ പ്രതീക്ഷകളും അശുതോഷിലായി. പിന്നീടങ്ങോട്ട് കാണാനായത് പുതിയ ടീമിനൊപ്പമുള്ള അശുതോഷ് എന്ന കൊടുങ്കാറ്റിനെയായിരുന്നു.
പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ അശുതോഷ് പ്രതീക്ഷ കാത്തു. മത്സരം അവസാന ഓവറിലേയ്ക്ക് നീട്ടിയ അശുതോഷ് 9 വിക്കറ്റ് വീണിട്ടും കുലുങ്ങിയില്ല. അവസാന 4 പന്തിൽ 5 റൺസ് വേണ്ടിയിരുന്നപ്പോൾ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സര്‍ പായിച്ച് അശുതോഷ് ഈ സീസണിലെ ആദ്യ ത്രില്ലര്‍ ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചു