ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ് സീറ്റില്‍ തന്നെ ജനവിധി തേടും. മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗോപാല്‍ റായ് എന്നിവരും നിലവിലെ സീറ്റുകളില്‍നിന്ന് തന്നെ മത്സരിക്കും.
കെജ്‌രിവാള്‍ ന്യൂഡല്‍ഹിയിലെ എംഎല്‍എയാണ്. അതിഷി കല്‍കജിയില്‍നിന്നും സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലും ഗോപാല്‍ റായ് ബാബര്‍പുറിലുമാണ് മത്സരിക്കുന്നത്.
70-അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളേയും എഎപി ഇതോടെ പ്രഖ്യാപിച്ചുകഴിഞ്ഞു. നാലാംതവണയും അധികാരത്തിലേറാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയുമാണ് എഎപിയുള്ളതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
‘ബിജെപി ചിത്രത്തിലില്ല. അവര്‍ക്ക് മുഖ്യമന്ത്രി മുഖമോ ടീമോ പദ്ധതിയോ ഡല്‍ഹിയെക്കുറിച്ച് ഒരു കാഴ്ചപ്പാടോ ഇല്ല. അവര്‍ക്ക് ഒരു മുദ്രാവാക്യം മാത്രമേയുള്ളൂ, ‘കെജ്‌രിവാളിനെ നീക്കം ചെയ്യൂ’ എന്ന് പറഞ്ഞ് നടക്കുന്നു. അഞ്ച് വര്‍ഷത്തേക്ക് അവര്‍ എന്താണ് ചെയ്തതെന്ന് അവരോട് ചോദിക്കൂ. വര്‍ഷങ്ങളായി, ‘ഞങ്ങള്‍ കെജ്‌രിവാളിനെ അധിക്ഷേപിച്ചു’ എന്ന് അവര്‍ പറയും’, ഡൽഹി മുൻ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയോടെ വോട്ടെടുപ്പുണ്ടാകുമെന്നാണ് പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. എ.എ.പി.യും കോണ്‍ഗ്രസും ഇതിനകം കുറേ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്പട്ടികയും വൈകാതെയുണ്ടാകും. എഎപിയുടെ പ്രചാരണവും നേരത്തെ തുടങ്ങികഴിഞ്ഞു.