![](https://breakingkerala.com/wp-content/uploads/2023/06/church-mass-row-st.marys-basalica.jpg)
കൊച്ചി: കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്ന് 202 ദിവസമായി അടച്ചിട്ടിരുന്ന എറണാകുളം സെന്റ് ബസിലിക്ക തുറക്കാന്‍ തീരുമാനിച്ചു. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്ക പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന നടപ്പിലാക്കാൻ കഴിയും വരെ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ലെന്നാണ് സിനഡ് അറിയിച്ചു. മറ്റ് ആരാധാനക്രമങ്ങൾക്കൊന്നും തടസ്സമുണ്ടാകില്ല. സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതിയല്ലാതെ ജനാഭിമുഖ കുർബാന ബസിലിക്കയിൽ അർപ്പിക്കുകയില്ലെന്ന് വികാരി മോൺ. ആന്റണി നരികുളം മെത്രാൻ സമിതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മറിച്ചു സംഭവിച്ചാൽ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകുംമെന്നും സിനഡ് വ്യക്തമാക്കി.
കോടതി വ്യവഹാരം തുടരുന്നതിനാൽ ബസിലിക്കാ അഡ്മിനിസ്ട്രേറ്റർ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തൽസ്ഥാനത്ത് തുടരും. ഈ സാഹചര്യങ്ങൾ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി വികാരിയച്ചന് പാരിഷ് കൗൺസിൽ വിളിച്ചുകൂട്ടാവുന്നതാണ്. എന്നാൽ, മേല്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കാൻ പാരിഷ് കൗൺസിലിന്റെ അംഗീകാരം ആവശ്യമില്ല.
ദേവാലയത്തിന് മുന്നില്‍ ഇപ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. ജനാഭിമുഖ കുര്‍ബാന വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.