ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ് വിവിധങ്ങളായ കുറ്റങ്ങൾക്കുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ടെന്ന് അറിയണം.
കുട്ടികളെ ബലാത്സംഗം ചെയ്താലുള്ള ശിക്ഷകളിൽ വധശിക്ഷയും ഉൾപ്പെടുത്തി എന്നതാണ് പ്രധാനമാറ്റം. കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ 20 വർഷം വരെ തടവ് ലഭിക്കാം എന്നും മാറ്റിയിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും കൂട്ടുന്നതാണ് പുതിയ ബില്ല്.
ആൾമാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റുള്ളവരെ തട്ടിപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശിക്ഷ ലഭിക്കുമെന്ന് സാരം.
ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്. ഇത്തരം കേസുകളിലും വധശിക്ഷ വിധിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് പുതിയ ബില്ലിലുള്ളത്. ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകാമെന്നാണ് പുതിയ ബില്ലിൽ പറയുന്നത്. സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും ബില്ലിൽ വിവരിക്കുന്നുണ്ട്. ഇത്തരം കേസുകൾ അധികാര പരിധി പരിഗണിക്കാതെ ഏതു പൊലീസ് സ്റ്റേഷനിലും നൽകാമെന്നാണ് ബില്ലിലെ വ്യവസ്ഥ. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം തുടങ്ങിയ വലിയ മാറ്റങ്ങൾ അമിത് ഷാ അവതരിപ്പിച്ച് ബില്ലിലുണ്ട്.
പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഐ പി സി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായുള്ള ബില്ലുകളാണ് ഷാ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളുടെ പേര് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയായിരിക്കും.
രാജ്യദ്രോഹക്കുറ്റത്തിലെ മാറ്റമിങ്ങനെ
ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അമിത് ഷാ പുതിയ ബിൽ അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള പുതിയ ബില്ലിൽ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കൃത്യമായി നിര്‍വചിച്ച് ശിക്ഷ കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. അതായത് നിർവചനം മാറ്റി ശിക്ഷ കൂട്ടി എന്ന് സാരം. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അതൃപ്തിയോ, അനിഷ്ടമോ, വെറുപ്പോ ഉണ്ടാക്കൽ എന്നാണ് നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിർവചനം.
ഇതിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് നിലവിൽ അത്. എന്നാൽ പുതിയതായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിതയിലെ 150ാം വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നതാണ് ഈ വകുപ്പ് പറയുന്നത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ 7 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷയായി ലഭിക്കാം.