ലഖ്‌നൗ: വനിതാ സഹപ്രവർത്തകയുമായി ഹോട്ടലിൽ മുറിയെടുത്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കോൺസ്റ്റബിൾ റാങ്കിലേക്ക് തരം താഴ്ത്തി ഉത്തർപ്രദേശ് പൊലീസ് വകുപ്പ്. മൂന്ന് വർഷം മുമ്പ് വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടലിൽ താമസിച്ച സംഭവത്തിലാണ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കർ കന്നൗജിയയെ ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ റാങ്കിലേക്ക് തരംതാഴ്ത്തിയത്.
പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) ഗൊരഖ്പൂർ ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടാണ് നിയമിച്ചത്. 2021 ജൂലൈ 6-നാണ് ഉന്നാവോയിലുള്ള സർക്കിൾ ഓഫീസർ ആയിരുന്ന കൃപാശങ്കർ കുടുംബ കാരണങ്ങളാൽ പൊലീസ് സൂപ്രണ്ടിനോട് അവധി അപേക്ഷിച്ചത്.
അവധി ലഭിച്ച് വീട്ടിലേക്ക് പോകുന്നതിനു പകരം വനിതാ കോൺസ്റ്റബിളുമായി കാൺപൂരിനടുത്തുള്ള ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത് തൻ്റെ സ്വകാര്യ, ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. വിളിച്ച് ലഭിക്കാതായപ്പോൾ ഭാര്യ അന്വേഷിച്ചെത്തി. പൊലീസ് അന്വേഷണത്തിൽ കാൺപൂരിലെ ഒരു ഹോട്ടലിൽ ഉദ്യോഗസ്ഥന്റെ മൊബൈൽ നെറ്റ്‌വർക്ക് അവസാനമായി സജീവമാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉദ്യോഗസ്ഥനെയും വനിതാ ഓഫിസറെയും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയത്.
ഇവർ ഹോട്ടലിൽ എത്തി റൂമെടുക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സമഗ്രമായ അവലോകനത്തിന് ശേഷം കൃപാ ശങ്കർ കനൗജിയയെ കോൺസ്റ്റബിൾ റാങ്കിലേക്ക് മാറ്റാൻ സർക്കാർ ശുപാർശ ചെയ്തു.