30 C
Kottayam
Friday, May 17, 2024

പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയില്‍വേ, കാരണമിതാണ്‌

Must read

തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റ് നല്‍കുന്നത് റെയിൽവേ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. മുൻകൂര്‍ റിസർവ് ചെയ്‍ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകൽ സമയങ്ങളില്‍ സ്ലീപ്പർ ടിക്കറ്റ് എടുത്തവർ കയ്യേറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോൾ നിർത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ഈ സംവിധാനം തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പാക്കിയിട്ടില്ല.

പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് സംവരണ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാം. ഇവയാണ് ആ ട്രെയിനുകള്‍. തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂർ-യശ്വന്ത്പുർ (16528), ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525).

അതേസമയം ഇന്ത്യൻ റെയില്‍വേയെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍ ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022-2023 സാമ്പത്തിക വർഷത്തിൽ 58,500 കോടിയാണ് റെയില്‍ യാത്രക്കാരുടെ വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ച വരുമാനം  39,104 കോടിയായിരുന്നു. ഇതില്‍ നിന്നും 50% വർധനവാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. റെയില്‍വേ നടപ്പിലാക്കിയ ഡൈനാമിക് ഫെയർ പ്രൈസിംഗ് സംവിധാനം വരുമാന വര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന നൽകിയെന്നാണ് റെയില്‍വേ പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയില്‍വേ പറയുന്നു. 

റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രിൽ-നവംബർ 978.72 മെട്രിക് ടൺ ആയി ഉയര്‍ന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ് ഇത്. ഈ കാലയളവിൽ റെയില്‍വേ ചരക്ക് വരുമാനം 1.06 ട്രില്യൺ രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ് ഇത്.  ഈ കാലയളവിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 1,728 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 422% വർധിച്ച് 9,021 കോടി രൂപയായി വര്‍ദ്ധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week