അമ്മയോളം വലുതല്ല ഭൂമിയില്‍ ഒന്നും. അമ്മയുടെ വേര്‍പാട് ഒരാള്‍ക്കും താങ്ങാന്‍ പറ്റാവുന്ന ഒന്നായിരിക്കില്ല. അമ്മയുടെ ശവമഞ്ചവുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന പെണ്മക്കളുടെ ഹൃദയഭേദകമായ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അമ്മയുടെ സംസ്‌കാരത്തിന് ആണ്‍മക്കള്‍ എത്താത്തതിനെ തുടര്‍ന്ന് പെണ്മക്കള്‍ നാല് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് അമ്മയുടെ മൃതദേഹം ചുമന്നത്.
ഒഡിഷയിലെ പുരി പട്ടണത്തിനു സമീപമുള്ള മംഗളാഘട്ട് എന്ന പ്രദേശത്താണ് സംഭവം നടന്നത്. ജതി നായക് എന്ന തൊണ്ണൂറ് വയസുകാരിയാണ് ഞായറാഴ്ച മരണപ്പെട്ടത്. 4 പെണ്‍മക്കളും 2 ആണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. പെണ്മക്കളുടെ വിവാഹം കഴിഞ്ഞതോടെ ആണ്മക്കള്‍ക്കൊപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍ പതിയെ ആണ്‍മക്കള്‍ ഇവരില്‍ നിന്ന് അകന്നു ജീവിക്കാന്‍ തുടങ്ങി. പിന്നീട് പെണ്‍ക്കുട്ടികളായിരുന്നു ഇവര്‍ക്ക് കൂട്ട്.
അമ്മയുടെ മരണ വിവരം ഇവരെ അറിയിച്ചെങ്കിലും ആരും തന്നെ സംസ്‌കാരത്തിന് എത്തിയില്ല. ഇതോടെയാണ് പരമ്പരാഗത ആചാരങ്ങളെ പിന്തള്ളി അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചത്. അയല്‍വാസികളുടെ സഹായത്തോടെ അമ്മയുടെ ശവമഞ്ചം ചുമന്ന് സംസ്‌കരിക്കാന്‍ ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.
പത്ത് വര്‍ഷമായി സഹോദരന്മാര്‍ അമ്മയെ ഉപേക്ഷിച്ചിട്ട്, ഒരു നേരത്തെ ഭക്ഷണം നല്‍കാനോ അസുഖം വന്നപ്പോള്‍ കാണണോ ആശുപത്രില്‍ ചികിത്സയ്ക്കോ ഇതുവരെയും ഇവരാരും തന്നെ എത്തിയില്ല എന്ന് മകള്‍ സീതാമണി സാഹു പറഞ്ഞു.