കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാട്ടിലേക്ക് മാറി;രാത്രിയോടെ വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും
തിരുവനന്തപുരം: കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറി. വടക്കൻ തമിഴ്നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുവെന്ന് ഐഎംഡി അറിയിച്ചു. ഇതിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ വടക്കൻ കേരളത്തിൽ മഴ കുറച്ചുകൂടി ശക്തിപ്രാപിക്കും. നാളെ ഒറ്റപ്പെട്ട ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടർന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടായിരുക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കാലവര്‍ഷം ശക്തമാകുന്നതും, സ്ക്കൂള്‍, കോളേജ് പ്രവേശനവും പരിഗണിച്ച് ലാന്റ് റവന്യൂ വകുപ്പില്‍ അവധിയില്‍ പ്രവേശിച്ചിട്ടുള്ള എല്ലാ ജീവനക്കാരോടും അവധി റദ്ദാക്കി അടിയന്തിരമായി ജോലിയില്‍ പ്രവേശിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജന്‍ ഉത്തരവിട്ടു. കേരളത്തില്‍ മഴ തുടരുകയും പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. മഴ തീവ്രമായ ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി ഒഴിവാക്കുന്നതിന് മന്ത്രി ഉത്തരവിട്ടത്.