തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിന് രൂക്ഷമായ മറുപടിയുമായി കസ്റ്റംസ്. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് നിയമസഭാസെക്രട്ടേറിയറ്റിനോട് പറയുന്നു. ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറിക്ക് എംഎൽഎമാർക്ക് തത്തുല്യമായ സുരക്ഷ കിട്ടുമോ എന്നത് അപ്പോഴും ആശയക്കുഴപ്പമായി നിലനിന്നിരുന്ന കാര്യമാണ്.
പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലിൽ സ്പീക്കറുടെ അഡീഷണൽ പി എ അയ്യപ്പന് നോട്ടീസ് നൽകിയതെന്ന് മറുപടിക്കത്തിൽ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്‍റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യൽ നടപടികൾ വൈകിപ്പിക്കാനാണ് നിയമസഭാസെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നതാണ്. ഇതിന് പിന്നാലെ വരുന്ന കസ്റ്റംസിന്‍റെ ഈ മറുപടിക്കത്ത് സ്പീക്കർക്കും നിയമസഭാ സെക്രട്ടേറിയറ്റിനും സർക്കാരിനും തന്നെ തിരിച്ചടിയാകും.
സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസ് നിയമസഭ ചർച്ച ചെയ്യാനിരിക്കുകയാണ്. വിവാദങ്ങൾക്കിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാസമ്മേളനം നാളെ തുടങ്ങാനിരിക്കുകയാണ്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ പൊതുജീവിതം നിര്‍ത്തുമെന്നുമാണ് വിവാദങ്ങൾക്കെല്ലാം സ്പീക്കറുടെ മറുപടി. ഡോളര്‍ കള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും പങ്കെന്ന ആരോപണം ശക്തമാകുമ്പോഴാണ് പി ശ്രീരാമകൃഷ്ണൻ നിലപാട് വ്യക്തമാക്കുന്നത്. തനിക്കെതിരെ വരുന്ന വര്‍ത്തകൾ ശരിയല്ല. ആരോപണങ്ങളിലോ അന്വേഷണങ്ങളിലോ ഭയപ്പെടുന്നില്ല.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാസുരേഷുമായി വാട്സ് ആപ്പ് ചാറ്റ് നടത്തി, വിദേശത്ത് സർവ്വകലാശാല തുടങ്ങാൻ പണം മുടക്കി തുടങ്ങിയ വാർത്തകളെല്ലാം തെറ്റാണെന്ന് സ്പീക്കർ പറയുന്നു. താൻ നിരപരാധിയാണെന്ന് സ്പീക്കർ ആവർത്തിക്കുമ്പോഴും നാളെ തുടങ്ങുന്ന സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്‍റെ വിമർശന മുന പ്രധാനമായും നീളുക പി ശ്രീരാമകൃഷ്ണനിലേക്ക് തന്നെയാകും. സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസിൽ ഒന്നരമണിക്കൂർ ചർച്ചയുണ്ടാകും. തീയതി പിന്നീട് തീരുമാനിക്കും. സ്വർണ്ണക്കടത്തും ഡോളർ കടത്തും വീണ്ടും പ്രതിപക്ഷം ആയുധമാക്കുമ്പോൾ വിവാദങ്ങൾ മറികടന്ന് നേടിയ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും സർക്കാർ പ്രതിരോധം. നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷികനിയമഭേദഗതിക്കെതിരായ വിമർശനം ഉണ്ടെങ്കിലും ഗവർണ്ണർ കരടിൽ മാറ്റം നിർദ്ദേശിച്ചിട്ടില്ല.