CrimeKeralaNews

മോന്‍സൻ തട്ടിപ്പ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും

തിരുവനന്തപുരം:വിദേശ മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തം. തട്ടിപ്പ് കേസിൽ പ്രതിയായ മോന്‍സന്‍റെ ചില സാമ്പത്തിക ഇടപാടുകള്‍ അനിത അറിഞ്ഞിരുന്നെന്ന സംശയത്തിന് പിന്നാലെയാണ് നടപടി. അനിതയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ മുന്‍പ് പ്രതികരിച്ചിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു.

പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നത്. മോൻസൻ സംഘടനയുടെ ഭാഗമായത് ഏകദേശം മൂന്ന് വർഷം മുമ്പാണ്. ആദ്യമായി മോന്‍സനെ പരിചയപ്പെടുന്നത് അച്ഛന്‍റെ സംസ്കാര ചടങ്ങിൽ വച്ചാണ്. മോൻസനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ല. ഡിഐജി സുരേന്ദ്രനെ മോൻസന്‍റെ വീട്ടിൽ വച്ചാണ് കാണുന്നത്. സൌഹൃദം വളർത്തിയെടുക്കാൻ മോൻസന് പ്രത്യേക കഴിവുണ്ട്. മോൻസന്‍റെ സൌഹൃദത്തിൽപ്പെട്ടുപോയ ആളാണ് താനെന്നുമായിരുന്നു അനിത മുന്‍പ് പറഞ്ഞിരുന്നത്.

മോന്‍സന്റെ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.ഓഫീസിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

മൂന്നു മണിക്കൂറിലേറെ സഹിനില്‍ നിന്നും വിവരങ്ങള്‍ സംഘം ചോദിച്ചറിഞ്ഞുവെന്നാണ് സൂചന. നേരത്തെ മോന്‍സണെതിരെ പരാതി നല്‍കിയവര്‍ സഹിനെതിരെയും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മോന്‍സണെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത് സഹിനായിരുന്നുവെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

സഹിനും മോന്‍സണും തമ്മിലുള്ള പണമിടപാടുകളും ബന്ധവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞതായാണ് വിവരം. മോന്‍സണ്‍ രക്ഷാധികാരിയായ പ്രവാസി സംഘടനയുടെ മീഡിയാ കോ ഓര്‍ഡിനേറ്ററായിരുന്നു സഹിന്‍ ആന്റണി. മോന്‍സന്റെ പുരാവസ്തു വീഡിയോകളുടെ നിര്‍മ്മാണം നിര്‍വഹിച്ചതും സഹിന്‍ ആന്റണിയായിരുന്നു.

ഈ സാഹചര്യത്തിലാണ് സഹിനെ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഇനിയും സഹിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നേരത്തെ 24 ന്യൂസിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന സഹിന്‍ ആന്റണിയെ ചാനല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

അതേസമയം പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പിന് പുറമേ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പേരിലും മോൻസൻ മാവുങ്കൽ നടത്തിയ ഇടപാടുകളെപ്പറ്റിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇതിനിടെ സൗന്ദര്യ ചികിത്സയുടെ മറവിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് മെഡിക്കൽ യൂണിവേഴ്സിറ്റിയെക്കുറിച്ചുളള വിവരം കിട്ടിയത്. 2018 ലാണ് ചേർത്തലയിൽ കോസ്മോസ് മെഡിക്കൽ യൂണിവേഴ്സിറ്റിയെന്ന പേരിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോൻസൻ നടത്തിയത്. ഇതിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേർത്തലയിൽ 100 ഏക്കർ ഭൂമി പദ്ധതിക്കായി വാങ്ങിയെന്നും മൂന്നു മാസത്തിനുളളിൽ നി‍ർമാണം തുടങ്ങുമെന്നുമാണ് അന്ന് മോൻസൻ പറഞ്ഞിരുന്നത്.

എച്ച്‌എസ്‌ബി‌സി ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടൻ ആരോഗ്യ സർവകലാശാല പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്. ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്മോസ് മെഡിക്കൽ യൂണിവേഴ്സ്റ്റിയുടെ പേരിലും മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.

സൗന്ദര്യ ചികിത്സയുടെ മറവിൽ കലൂരിലെ മ്യൂസിയത്തിൽ മോൻസൻ നടത്തിയ ആയുർവേദ ചികിത്സയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. യുവതിയായ ആയുർവേദ ഡോക്ടറായിരുന്നു വിഐപികൾ അടക്കമുളളവരെ ചികിത്സിച്ചത്. വ്യാജ ചികിത്സയുടെ പേരിലടക്കം മോൻസനെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഈ വനിതാ ഡോക്ടറുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker