KeralaNews

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി രാജസ്ഥാൻ ബി.ജെ.പിയില്‍ പൊട്ടിത്തെറി; ഓഫീസ് തല്ലിത്തകർത്ത് പ്രതിഷേധം

ജയ്പുര്‍: രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി വന്‍ പ്രതിഷേധം. പ്രവര്‍ത്തകര്‍, സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ടയറുകള്‍ കത്തിച്ചും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതിയോളം സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിക്കാനിരിക്കേയാണ് ബി.ജെ.പി.യിലെ ഈ പൊട്ടിത്തെറി. രണ്ടുഘട്ട സ്ഥാനാര്‍ഥിപ്പട്ടിക മാത്രമാണ് നിലവില്‍ പുറത്തുവിട്ടത്.

രാജ്സമന്തില്‍ ബി.ജെ.പി. ഓഫീസ് പ്രവര്‍ത്തകര്‍തന്നെ തല്ലിത്തകര്‍ത്തു. ഉദയ്പുര്‍, ആല്‍വാര്‍, ബുണ്ഡി തുടങ്ങി രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടപ്പോള്‍ ഉദയ്പുരില്‍ പലയിടങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ തന്നെ മേഖലാതല യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. രണ്ടുദിവസം രാജസ്ഥാനില്‍ ക്യാമ്പ് ചെയ്ത് നേതാക്കളെക്കണ്ട് വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.

ജയ്പുരില്‍ ബി.ജെ.പി. ആസ്ഥാനത്തിനു മുന്നില്‍ത്തന്നെ പ്രതിഷേധം അരങ്ങേറി. ടയറുകളും മറ്റു സാധനങ്ങളും കൂട്ടിയിട്ട് കത്തിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി. തീവ്രശ്രമം നടത്തുന്നതിനിടയിലാണ് അനിഷ്ട സംഭവങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. വസുന്ധരരാജ സിന്ധ്യ – ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ള സംഘം എന്നിവര്‍ തമ്മിലുള്ള ചേരിപ്പോരാണ് സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker