കോഴിക്കോട്: സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി. പറഞ്ഞു.എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്., ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കിൽ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ.ജാതി സെൻസസില്‍ കോൺഗ്രസിന്‍റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് സഹകരിക്കുമെന്ന ലീഗിന്റെ പ്രതികരണം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് പി മോഹനൻ പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിൽക്കണം. പലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും പി മോഹനൻ കൂട്ടിച്ചേർത്തു.
പലസ്തീൻ വിഷയത്തിൽ ശശി തരൂരിന്റെ പ്രതികരണം ആണ് കോൺഗ്രസ് നിലപാട്. അതിനാൽ കോൺഗ്രസിനെ ക്ഷണിക്കില്ല. ശശി തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടത് അല്ല. മുന്നണിയിൽ ലീഗിന് പ്രയാസം ഉണ്ടാകേണ്ടെന്ന് കരുതി ആണ് ആദ്യം വിളിക്കാതിരുന്നത്. ഇപ്പോൾ അവർ തന്നെ പോസിറ്റീവ് ആയി പ്രതികരിച്ചുവെന്നും പി മോഹനൻ പറഞ്ഞു. ശശി തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ട് വന്നത് ശരി ആണോ എന്ന് ലീഗ് തന്നെ പറയട്ടെയെന്നും പി മോഹനൻ പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്ന് പറഞ്ഞ കെ. സുധാകരൻ ആ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും കൂട്ടിച്ചേർത്തു. പ്രതികരണത്തെക്കുറിച്ച് പഠിച്ച ശേഷം പറയാമെന്നായിരുന്നു കെ സുധാകരന്റെ മറുപടി. വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരക്കണമോ എന്നും കെ. സുധാകരൻ ചോദിച്ചു.
ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിലാണ് സിപിഎം നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉള്‍പ്പെടെയുളള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്.
ഈ പരിപാടിയിലേക്ക് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ലീഗിനെ ക്ഷണിക്കാനാണ് സിപിഎം നീക്കം.മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ തരൂര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ആ പരിപാടിയുടെ സംഘാടകകരായിരുന്ന ലീഗിനോട് വ്യത്യസ്തമായ സമീപനമാണ് സിപിഎം പ്രകടിപ്പിക്കുന്നത്.