തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തി. ഒരു സ്കൂട്ടറും ബൈക്കുമാണ് എ.ബി.വി.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഓഫീസിൽ ഒളിപ്പിച്ചനിലയിലായിരുന്നു രണ്ട് ബൈക്കുകൾ.
മുന്ന് ബൈക്കുകളിലായി എത്തിയ ആക്രമികളാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഇതിൽ രണ്ട് ബൈക്കുകളാണ് ഇപ്പോൾ തമ്പാനൂർ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമം സംബന്ധിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരുടെ ഫോണുകളും ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ എ.ബി.വി.പി. പ്രവർത്തകരെ ചോദ്യം ചെയ്തതിലൂടെയാണ് ബൈക്കുകൾ ഓഫീസിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായത് എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബൈക്കുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇനി ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. അതിന്റെ അന്വേഷണത്തിലാണ് പോലീസ്. അക്രമത്തിൽ പങ്കെടുത്ത മൂന്ന് എ.ബി.വി.പി. പ്രവർത്തകരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. അവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
നേരത്തെ വഞ്ചിയൂരില്‍ നടന്ന എസ്.എഫ്.ഐ. – എ.ബി.വി.പി. സംഘര്‍ഷം പിന്നീട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷമായി മാറിയിരുന്നു. എ.ബി.വി.പി. സംസ്ഥാന ഓഫീസ് അടിച്ച് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നേരെ ആക്രമണം ഉണ്ടായി എന്ന ആക്ഷേപവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.