തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ കുമാർ.
പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല.
പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്?. പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറയുന്നു.
ബിജെപി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. റിപ്പോർട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂർഖനാണോ എന്നറിയൂവെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.