Home-banner

പോലീസ് ലാത്തിചാര്‍ജ്,സി.പി.ഐയില്‍ ഭിന്നത രൂക്ഷം,കാനം രാജേന്ദ്രന്‍ ഇന്ന് കൊച്ചിയില്‍,എം.എല്‍.എ അടക്കമുള്ളവരുടെ തെളിവെടുക്കും

കൊച്ചി:സിപിഐ ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടി വിവാദങ്ങള്‍ക്കിടയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. രാവിലെ കൊച്ചിയില്‍ എത്തുന്ന കാനം രാജേന്ദ്രന്‍ ആലുവയില്‍ മേഖല റിപ്പോര്‍ട്ടിംഗിലാണ് ആദ്യം പങ്കെടുക്കുക.

മൂന്നു ജില്ലകളിലെ പ്രവര്‍ത്തകര്‍ക്കായാണ് മേഖലാ റിപ്പോര്‍ട്ടിംഗ്. തുടര്‍ന്ന് വൈകുന്നേരം ആലുവയില്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരും. സിപിഐ മാര്‍ച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമര്‍ശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.

ഇക്കാര്യത്തിലുള്ള അമര്‍ഷം യോഗത്തില്‍ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റ എം.എല്‍.എ എല്‍ദോ ഏബ്രഹാം, കൊച്ചി സിറ്റി എസിപി ലാല്‍ജി, എസ്‌ഐ വിപിന്‍ദാസ് എന്നിവരുടെ മൊഴി കളക്ടര്‍ ഇന്ന് രേഖപ്പെടുത്തും. അതേസമയം എംഎല്‍എ യെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.

ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമര്‍ശിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. വീട്ടിലിരുന്ന എംഎല്‍എയെ അല്ല, സമരത്തിന് പോയ എംഎല്‍എയെ ആണ് പൊലീസ് മര്‍ദ്ദിച്ചതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.

അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ എന്നും കാനം പറഞ്ഞു.

ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്.

മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു. പൊലീസ് നടപടിയില്‍ കൈക്ക് പരുക്കേറ്റ എംഎല്‍എ ഇന്നാണ് ആശുപത്രി വിട്ടത്.

അതേസമയം സിപിഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ച് കാനത്തിന്റെ അറിവോടെയന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. മാര്‍ച്ച് കാനത്തിന്റെ അറിവോടെയെന്നും കാനം ഇപ്പോള്‍ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അറിയില്ലെന്നും പറഞ്ഞ പി രാജു കാര്യങ്ങള്‍ നേരിട്ട് കാനത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.

അതേസമയം കാനത്തിന്റെ പ്രതികരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് മര്‍ദ്ദനത്തില്‍ കയ്യൊടിഞ്ഞ എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സമരത്തിനിടയിലെ പൊലീസ് നടപടി സ്വഭാവികമെന്നാണ് കാനം ഉദ്ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്തിയില്ലെന്നും എല്‍ദോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker