തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തുജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കൊവിഡ് രോഗികള്‍ 10,000 കടന്നു. ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 3498 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എറണാകുളമാണ് തൊട്ടുപിന്നില്‍. 2214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രിയെ കാണുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിച്ചിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്.
നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.കോവിഡ് അവലോകന കമ്മിറ്റി സ്‌കൂളുകളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന നിലയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായിത്തന്നെ കാണും. അത്തരം സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മെഗാ തിരുവാതിര നടത്തിയതിനെയും മന്ത്രി വിമര്‍ശിച്ചു. സമൂഹതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.