തിരുവനന്തപുരം: കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നിരുന്നു. കോഴിക്കോടാകട്ടെ 1200 ലേറെ പുതിയ കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. ചില ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നതും സ്ഥിതി സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ ആണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഉള്ള നീക്കം.
കൂട്ടം ചേരലുകൾ ഒഴിവാക്കാൻ ഉള്ള നടപടികൾ വന്നേക്കും. ഷോപ്പുകൾ മാളുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലാത്തതിനാൽ സ്വയം പ്രതിരോധത്തിന്‍റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ ഉള്ള നടപടികൾ ഉണ്ടാകും.
അതേസമയം സംസ്ഥാനത്ത് ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം 44389 ആയി ഉയർന്നിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 600 ആയും വെന്‍റിലേറ്ററിൽ ഉള്ള രോഗികളുടെ എണ്ണം 173 ആയും കുതിച്ചുയർന്നു. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെ പല സർക്കാർ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണം കൂട്ടേണ്ട അവസ്ഥയാണ്. രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതൽ കിടക്കകൾ അടക്കം സജ്ജീകരിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് ഇതര ചികിത്സകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.
രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ക്രഷിങ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങി. എന്നാൽ വാക്സിൻ കുറവ് കാരണം വിപുലമാക്കാനായിട്ടില്ല. ക്ഷാമം പരിഹരിക്കാൻ 25 ലക്ഷം കോവിഷീൽഡ് വാക്സീനും 25 ലക്ഷം കോവാക്സീനും അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ 45 ദിവസത്തിനുള്ളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെയും 60 വയസിന് മേൽ പ്രായമുള്ളവരുടെയും വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യം.
രോഗവ്യാപനം കുത്തനെ ഉയർന്നതിനാൽ കണ്ണൂർ ജില്ലയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് ഐ.എഎസ്.ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കളക്ടർ പ്രഖ്യാപനം അറിയിച്ചത്.എല്ലാതരം ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരുമെന്നും, വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയവിടങ്ങളിൽ സമയ നിയന്ത്രണം കൊണ്ടുവരുമെന്നും ഫേസ്ബുക്ക് പേജിലൂടെ കളക്ടർ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ ഇന്ന് 575 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 6986 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്പോട്ടുകളാണുള്ളത്.