FeaturedNationalNews

ആരാധനാലയങ്ങള്‍,ഷോപ്പിംഗ് മാളുകള്‍; നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്

ഡല്‍ഹി കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ പ്രവേശിക്കാനടക്കം അനുവാദം നല്‍കികൊണ്ടുളള ഇളവുകളില്‍ വ്യക്തതവരുത്തുന്നതാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീര്‍ത്ഥമോ നല്കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും തൊടാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല.

ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കാമെങ്കിലും ചില നിയന്ത്രണങ്ങല്‍ പാലിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റുകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം വാതില്‍ വേണം. ഫുഡ് കോര്‍ട്ടില്‍ പകുതി സീറ്റുകളിലേ ആള്‍ക്കാരെ ഇരുത്താനാവൂ. മാളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം. സിനിമാ ഹാളുകള്‍ അടഞ്ഞു തന്നെ കിടക്കണം. ഓഫീസുകളില്‍ പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. ഓഫീസുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ പൂര്‍ണ്ണമായും അടക്കേണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

രണ്ടു ലക്ഷത്തി പതിനേഴായിരം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം പുതുതായി 8909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ലക്ഷത്തി നാലായിരം പേരാണ് രോഗമുക്തരായിരിയ്ക്കുന്നത്.6075 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. ഒരു ദിവസത്തിനുള്ളില്‍ 217 പേരാണ് മരിച്ചത്. കേരളത്തില്‍ മൂന്നുപേര്‍ക്കാണ് ഒരുദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button