
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവും 2000 രൂപ പിഴയും. സമൂഹ മാധ്യമങ്ങളിലൂടെ ജസ്റ്റിസ് എന്‍. നഗരേഷിനെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തത്. തെറ്റ് തിരുത്താനുള്ള അവസരമായാണ് ശിക്ഷ നല്‍കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. ശിക്ഷ വിധി നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി നിപുണിനോട് ചോദിച്ചിരുന്നു.
പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ശിക്ഷാ വിധി സസ്‌പെന്‍ഡ് ചെയ്യാനുള്ള അപേക്ഷ തയ്യാറാക്കി കൊണ്ടു വന്നിട്ടുണ്ടെന്നും നിപുൺ കോടതിയെ അറിയിച്ചു. എന്നാല്‍ ശിക്ഷാവിധി തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നിപുണ്‍ ചെറിയാനില്‍ നിന്നുണ്ടായത്. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി വി ഫോര്‍ കൊച്ചിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിപുണ്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്.
കോടതിയില്‍ നിപുണ്‍ മാപ്പ് പറയാന്‍ തയ്യാറായില്ല. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ഹാജരാകാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ നേരത്തെ ഹൈക്കോടതിയുടെ സുരക്ഷ ജീവനക്കാരും രജിസ്ട്രറിയുടെ മറ്റ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായിരുന്നു.
കേസുകളുടെ അമിതഭാരത്താല്‍ കോടതികള്‍ ബുദ്ധിമുട്ടുമ്പോള്‍ ഒരു വ്യക്തിയുടെ ഇത്തരം പ്രവൃത്തികള്‍ക്കായി ജഡ്ജിമാര്‍ക്ക് സമയം കളയാനാവില്ലെന്ന് കോടതി നേരത്തെ നിപുണിനെ താക്കീത് ചെയ്തിരുന്നു. നീതിനിര്‍വഹണ സംവിധാനത്തിന്റെ സല്‍പേരിന് ഭംഗം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോഴാണ് കോടതിയലക്ഷ്യ നടപടികളെടുക്കാറുള്ളത്.
ചിലരുടെ തെറ്റിദ്ധാരണ നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനാണ് ഇങ്ങിനെയൊരു നടപടി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.അഡ്വ കെ കെ ധീരേന്ദ്ര കൃഷ്ണനാണ് ഹൈക്കോടതിക്കു വേണ്ടി ഹാജരായത്