KeralaNews

ആന്‍റണി പെരുമ്പാവൂരിന് 1,68,000 രൂപ പിഴ;അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച കേസിലാണ് നടപടി

കൊച്ചി: അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചതിന് നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് പിഴ ചുമത്തി കോടതി. ആന്‍റണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ചാലക്കുടി മുൻസിഫ് കോടതിയുടെ വിധി. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസ് ആണ് പരാതിക്കാരി. ഒപ്പം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചു എന്നാണ് പരാതി.

പ്രിയദര്‍ശന്‍റെ സംവിധാനത്തിൽ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹൻലാൽ നായകനായ ഒപ്പം 2016ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്​. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്​ കാണിച്ച്​ കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടർന്ന് 2017ൽ അഡ്വ. പി. നാരായണൻകുട്ടി മുഖേന ചാലക്കുടി കോടതിയിൽ പരാതി നൽകി. ആന്‍റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കക്ഷിചേർത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ്​ എതിർകക്ഷികൾ വാദിച്ചത്​. സിനിമയിൽനിന്ന്​ ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു​ വർഷമായി നിയമപോരാട്ടം നടത്തിയാണ്​ നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker