24.9 C
Kottayam
Wednesday, May 15, 2024

ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി; ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി ഇ.ഡി റിപ്പോര്‍ട്ട്

Must read

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി. അഭിഭാഷകരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ഇന്നലെ ബിനീഷിന്റെ സഹോദരന്‍ ബിനോയ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ബിനീഷിന് അഭിഭാഷകരുടെ സേവനം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് 11 മണിയോടെ ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, ബിനീഷിനെ ആറാം ദിവസവും ദിവസവും ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ എത്തിച്ച ബിനീഷിനെ ഭക്ഷണത്തിനും വിശ്രമത്തിനു ശേഷം 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇന്നലെ കോടതി ബിനീഷിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.

ബിനീഷിനെ കൂടുതല്‍ കുരുക്കലാക്കുന്ന റിപ്പോര്‍ട്ടാണ് ഇ.ഡി കോടതിയില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്നത്. ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും അനൂപ് മുഹമ്മദുമായി പരിചയപ്പെട്ടത് ലഹരിമരുന്ന് ഉപയോഗിക്കുന്ന പാര്‍ട്ടിയിലാണെന്നും പറയുന്നു. ഇതോടെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയും ഈ കേസില്‍ എത്തുമെന്ന് ഉറപ്പായി.

ബിനീഷിന് കൊച്ചിയിലും ബംഗളൂരുവിലും രണ്ട് ഇവന്റ് മാനേജ്മെന്റ് കമ്പനികളുണ്ട്. ഇവയുടെ ബിനാമി ഡയറക്ടര്‍മാര്‍ അനൂപ് മുഹമ്മദും ലഹരിമരുന്ന് കേസില്‍ ഒപ്പം പിടിയിലായ റിജേഷുമാണ്. 2012-19 കാലയളവില്‍ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇ.ഡി. റിപ്പോര്‍ട്ട്. ഇത് മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നാണു നിഗമനം.

ബിനീഷ് ആദായനികുതി വകുപ്പിനു നല്‍കിയ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദും റിജേഷും ഡയറക്ടര്‍മാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ബിനീഷിന്റെ ഉടമസ്ഥതയിലാണ്. ഇതേപ്പറ്റി അന്വേഷണം വേണം. ബിനീഷ് കൊക്കെയ്ന്‍ എന്ന മയക്കുമരുന്ന് ഉപയോഗിച്ചെന്നും സുഹൃത്തുക്കള്‍ക്കൊപ്പം അനധികൃത ലഹരിവ്യാപാരം നടത്തിയെന്നും കര്‍ണാടക സ്വദേശിയുടെ മൊഴിയുണ്ട്. ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബ്ദുള്‍ ലത്തീഫ് ഉള്‍പ്പെടെ ബിനീഷിന്റെ ബിനാമിയാണെന്നും നിരവധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week