കൊച്ചിയിൽ മാലപൊട്ടിച്ചവരെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് ബിയർ കുപ്പികൊണ്ട് കുത്തേറ്റു
കൊച്ചി: ഇടപ്പള്ളിയില്‍ പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാര്‍ക്ക് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. കൊച്ചിയിലെ ട്രാഫിക് പോലീസ് എസ്.ഐ അരുള്‍, എ.എസ്.ഐ റെജി എന്നിവര്‍ക്ക് നേരേയാണ് പ്രതികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച തമിഴ്‌നാട് സ്വദേശികളായ കണ്ണന്‍, സായ് രാജ് എന്നിവരാണ് പോലീസുകാരെയും ആക്രമിച്ചത്. ഇടപ്പള്ളിയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചശേഷം ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ച ഇരുവരെയും പോലീസുകാര്‍ പിടികൂടാന്‍ ശ്രമിച്ചിരുന്നു. ഇതോടെ പ്രതികള്‍ രണ്ടുപേരും സമീപത്തെ ഇടവഴിയിലേക്ക് ഓടി. പോലീസുകാരും പിന്നാലെ ഓടി. തുടര്‍ന്ന് പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ പിറകുവശത്ത് ഒളിച്ചിരുന്ന പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പോലീസുകാരെ ആക്രമിച്ചത്. കൈയില്‍ കിട്ടിയ ബിയര്‍ കുപ്പി പൊട്ടിച്ച പ്രതികള്‍ ഇത് ഉപയോഗിച്ച് പോലീസുകാരെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
പോലീസുകാരുടെ കൈയ്ക്കാണ് കുത്തേറ്റത്. പരിക്കേറ്റ രണ്ടുപോലീസുകാരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു. മാലമോഷണക്കേസ് പ്രതികളായ കണ്ണന്‍,സായ് രാജ് എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും.