സെന്റ് മേരീസ് ബസലിക്കയിൽ സംഘർഷം;വൈദികർക്കുനേരെ കൈയേറ്റം, ബലിപീഠം തകർത്തു
കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ ആള്‍ത്താരയിലേക്ക് തള്ളിക്കയറി. കുര്‍ബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്തു. ആള്‍ത്താരയിലെ വിളക്കുകളും മറ്റും തകര്‍ന്നു.
ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ വെള്ളിയാഴ്ച രാത്രിയിലും കുര്‍ബാന അര്‍പ്പിക്കുന്നുണ്ടായിരുന്നു. സിനഡ് അംഗീകരിച്ച കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടായിരുന്നു.
അള്‍ത്താരയിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ എല്ലാം തന്നെ പ്രതിഷേധക്കാര്‍ തകര്‍ത്തെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ ഇവിടേക്ക് നിയോഗിച്ചിരുന്നു. പത്ത് മണിക്ക് കുര്‍ബാന അര്‍പ്പിക്കുന്ന സമയാവുമ്പോഴേക്കും നിയന്ത്രണം പിടിച്ചടക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരുവിഭാഗം ആക്രമണം നടത്തുകയായിരുന്നു. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാന്‍ തയ്യാറായില്ല.
സംഘര്‍ഷത്തിനിടയിലും ഒരുവിഭാഗം അള്‍ത്താരയ്ക്ക് മുന്നില്‍ നിലയുറപ്പിച്ച് കുര്‍ബാനയര്‍പ്പിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷം നടന്നത് ബസലിക്കയ്ക്ക് ഉള്ളിലായതിനാല്‍ പോലീസ് കടുത്തനടപടികള്‍ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അഡ്മിനിസ്‌ട്രേറ്ററെ ഭീഷണിപ്പെടുത്തി രാപകല്‍ ഇല്ലാതെ വിമത വിഭാഗം പിശാചിന്റെ കുര്‍ബാന ചൊല്ലിക്കൊണ്ടിരിക്കുകയാണെന്ന് ഏകീകൃത കുര്‍ബാനയെ അംഗീകരിക്കുന്നവര്‍ ആരോപിച്ചു.
കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നവരെ പോലീസ് തള്ളിമാറ്റുകയായിരുന്നുവെന്നാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ ആരോപണം. പോലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. വിശുദ്ധ കുര്‍ബാനയെ അവഹേളിക്കാന്‍ പോലീസ് കൂട്ടുനിന്നുവെന്നും വൈദികര്‍ ആരോപിച്ചു.
പള്ളിക്കുള്ളില്‍ കയറിയവരെ പോലീസ് ഒഴിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിമാത്രമാണ് ഒഴിപ്പിച്ചതെന്ന് പോലീസ് വിശദീകരിച്ചു. ഇരുവിഭാഗവുമായി ചര്‍ച്ചനടത്തുമെന്നും പോലീസ് അറിയിച്ചു.