ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് കർണാടകയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‍ഡെ. കഴിഞ്ഞകാലങ്ങളിൽ ഹിന്ദുമതത്തെ തരംതാഴ്ത്താനായി കോൺഗ്രസ് നേതാക്കൾ ഭരണഘടന ഭേദഗതി ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാനങ്ങളിലും മൂന്നിൽരണ്ടു ഭൂരിപക്ഷം വേണം. ഭരണഘടന ഭേദഗതി ചെയ്യാനുള്ള എല്ലാ പ്രതിസന്ധിയും അതോടെ മാറും. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപുരിൽ സംസാരിക്കവേയാണ് എംപിയുടെ വിവാദ പരാമർശം.
‘‘400 ൽ അധികം സീറ്റുകളിൽ വിജയിക്കാൻ ബിജെപിയെ നിങ്ങള്‍ സഹായിക്കണം. എന്തുകൊണ്ട് ബിജെപിക്ക് നാനൂറിൽ അധികം സീറ്റുകള്‍ വേണം? കോൺഗ്രസ് നേതാക്കൾ കഴിഞ്ഞകാലങ്ങളിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുകയും ഹിന്ദുമതത്തെ മുന്നിലോട്ടു വരാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.
അതുമാറ്റി നമ്മുടെ മതത്തെ സംരക്ഷിക്കേണ്ടതുണ്ട്. ലോക്സഭയിൽ നമുക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ട്. എന്നാൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നമുക്കില്ല. 400ൽ അധികം അംഗങ്ങൾ അതിനു നമ്മെ സഹായിക്കും’’–എംപി പറഞ്ഞു.