FeaturedHome-bannerKeralaNews

‘സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന’, സ്വപ്നയ്ക്കും പിസിക്കുമെതിരെ എഫ്ഐആർ

തിരുവനന്തപുരം: മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്. ജലീൽ സ്വപ്നയ്ക്ക് എതിരെ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം. 

പൊലീസ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്‍റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. സോളാർ കേസ് പ്രതി സരിതയെയും ചോദ്യം ഈ കേസുമായി ബന്ധപ്പെട്ട് ചെയ്യും. സരിതയും ജോർജുമായിട്ടുള്ള ടെലിഫോൺ സംഭാഷണം നേരത്തേ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ മാറും മുമ്പാണ് വേഗത്തിൽ സർക്കാർ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മിൽ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ തുടങ്ങിയത്. പിന്നാലെ കെ ടി ജലീൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്. 

പൊലീസ് കേസിനൊപ്പമുള്ളതായിരുന്നു സരിത്തിനെ ഇന്നലെ വിജിലൻസ് നാടകീയമായി പാലക്കാട്ട് കസ്റ്റഡിയിലെടുത്തത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കേസിലായിരുന്നു അസാധാരണ നടപടിയിലൂടെയുള്ള കസ്റ്റഡി. ലൈഫ് മിഷൻ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു. 

സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല.

ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ആറുമാസത്തേക്ക് നീട്ടിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സർക്കാറിന് ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേ സമയം സരിത്തിന്‍റെ ചോദ്യം ചെയ്യലും സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker