KeralaNews

കെ സുധാകരനെതിരെ വിട്ടുവീഴ്ച്ചയില്ല എംപിമാർ;ഖർഗെയെ നേരിട്ട് കണ്ട് പരാതി അറിയിക്കും

ന്യൂഡല്‍ഹി: എംപിമാരെ താക്കീത് ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ നേരിട്ട് കണ്ട് പരാതി അറിയിക്കും. വൈകിട്ട് പാർലമെൻ്റിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

കലഹം പറഞ്ഞ് തീര്‍ക്കാനാണ് എഐസിസി നേതൃത്വത്തിന്‍റെ നീക്കം. പരാതി ഉന്നയിച്ച എംപിമാരെയും, കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും കെ സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ മുരളീധരന്‍ ആവര്‍ത്തിച്ചു.

കെ സുധാകരനെതിരെ അതിരൂക്ഷമായ വിമർശനവും പരാതിയുമാണ് കെ സി വേണുഗോപാലിനെ ഇന്നലെ കണ്ട ഏഴ് എംപിമാർ ഉന്നയിച്ചത്. സംഘടന സംവിധാനം കുത്തഴിഞ്ഞു. കീഴ്വഴക്കം ലംഘിച്ച് എഐസിസി അംഗങ്ങളായ എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി അപമാനിച്ചു എന്നതാണ് പ്രധാന പരാതി.

അറ്റാച്ച്ഡ് സെക്രട്ടറി എന്ന പേരിൽ ഒരാളെ നിയമിച്ച് സുധാകരൻ മാറി നിൽക്കുകയാണെന്നും എംപിമാർ പരാതിപ്പെട്ടിരുന്നു. പരാതികള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ചർച്ച നടക്കുന്നത്. അനുനയത്തിന് നീക്കം നടക്കുമ്പോള്‍ നിലപാടില്‍ മാറ്റമില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ അത് തുറന്ന് കാട്ടാതെ, നേതാക്കള്‍ പാര്‍ട്ടിയില്‍ തമ്മിലിടച്ച് നില്‍ക്കുന്നതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. സംസ്ഥാനത്ത് പ്രശ്നം പരിഹരിക്കട്ടെയെന്നായിരുന്നു നേതൃത്വത്തിന്‍റെ നിലപാട്.

എന്നാല്‍ കൂടുതല്‍ ഗുരുതരമാകുന്നുവെന്ന് കണ്ടതോടെയാണ് ചര്‍ച്ചക്ക് കളമൊരുങ്ങിയത്. പുനഃസംഘടനയടക്കമുള്ള വിഷയങ്ങളിൽ എല്ലാവരുടെയും അഭിപ്രായം കേട്ട് മുൻപോട്ട് പോകണമെന്ന നിര്‍ദ്ദേശം നേതൃത്വം കെ സുധാകരന്  നൽകും. എംപിമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി അച്ചടക്ക നടപടികളും വേണ്ടന്ന് വച്ചേക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button