ബെംഗളൂരു:’ബജ്‌റങ്ബാലി കീ ജയ്’ മുദ്രവാക്യമുയര്‍ത്തി ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന് ഭയം പിടിപ്പെട്ടെന്നും നുണകള്‍ ഫലിക്കാത്തത് കൊണ്ട് സോണിയ ഗാന്ധിയെ പ്രചാരണത്തിനിറക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാകയിലെ ശിവമോഗയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സോണിയയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഭയപ്പാടിലാണ്.അവരുടെ നുണകള്‍ ഫലിക്കുന്നില്ല എന്നായപ്പോള്‍ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പരസ്പരം കെട്ടിവെക്കാന്‍ തുടങ്ങി’ പ്രധാനമന്ത്രി പറഞ്ഞു.
ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കര്‍ണാടകയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായി പങ്കെടുക്കാറില്ലായിരുന്നു.
കോണ്‍ഗ്രസിന്റെ നുണ ബലൂണുകള്‍ ജനങ്ങള്‍ പൊട്ടിച്ചതിനാല്‍ അതിനി ഫലം ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ബെംഗളൂരുവില്‍ താന്‍ നടത്തിയ റോഡ് ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മോദി പറഞ്ഞു.
കര്‍ണാടകയിലെ ജനങ്ങള്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തിന് പ്രതിഫലം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു, ‘നിങ്ങളുടെ സ്‌നേഹത്തിനും അനുഗ്രഹത്തിനും യഥാര്‍ത്ഥ ഗ്യാരണ്ടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കര്‍ണാടക വികസിപ്പിക്കുകയും നിങ്ങളുടെ സ്‌നേഹത്തിന് പലിശ സഹിതം തിരികെ നല്‍കുകയും ചെയ്യും’ മോദി കൂട്ടിച്ചേര്‍ത്തു.