കൊച്ചി: ഹാൾട്ട് സ്റ്റേഷൻ പുനസ്ഥാപിച്ചിട്ടും മെമു ട്രെയിനുകളിലെ അന്നൗൺസ്‌മെന്റിൽ മാറ്റം വരുത്താത്തത് യാത്രക്കാരെ റെയിൽവേ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു. കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ കുമാരനെല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര റോഡ് സ്റ്റേഷനിലെ സ്റ്റോപ്പുകൾ റെയിൽവേ പുന:സ്ഥാപിച്ചിട്ട് മാസങ്ങൾ ആയെങ്കിലും മെമു ട്രെയിനുകളിൽ നൽകുന്ന അറിയിപ്പുകളിൽ ഈ സ്റ്റേഷനുകൾ ഉൾപ്പെടുത്താത്തതാണ് യാത്രക്കരെ കുഴപ്പത്തിലാക്കുന്നത്.
പിറവം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ തന്നെ മെമുവിൻറെ അടുത്ത സ്റ്റോപ്പ് മുളന്തുരുത്തി എന്നാണ് ട്രെയിനിൽ നൽകുന്ന അന്നൗൺസ്‌മെന്റ്. ഇതനുസരിച്ച് കാഞ്ഞിരമറ്റം ഹാൾട്ട് സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് പലരും അബദ്ധം മനസ്സിലാക്കുന്നത്. തിരിച്ചു കയറാൻ ശ്രമിക്കുമ്പോൾ തന്നെ ട്രെയിൻ മുന്നോട്ടു നീങ്ങി തുടങ്ങിയിട്ടുണ്ടാവും. സ്ഥിരയാത്രക്കാരുടെ അവസരോചിത ഇടപെടൽ മൂലമാണ് പലപ്പോഴും വലിയ അപകടം ഒഴിവാകുന്നത്. മെമു ട്രെയിനുകൾ പ്ലാറ്റ് ഫോമിൽ നിന്ന് തന്നെ വേഗം വർദ്ധിക്കുന്നതിനാൽ തിരിച്ചു കയറാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്.
മുളന്തുരുത്തി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് തൃപ്പൂണിത്തുറ സ്റ്റേഷനെന്നാണ് ട്രെയിനിൽ നിന്ന് ലഭിക്കുന്ന വിവരം. സ്റ്റേഷൻ മാറി ചോറ്റാനിക്കരയിൽ ഇറങ്ങിയ വൃദ്ധ ദമ്പതികൾ തിരിച്ചു കയറിയപ്പോൾ തലനാരിഴയ്ക്കാണ് ഇന്ന് രക്ഷപ്പെട്ടത്.ഒന്നുകിൽ മെമു ട്രെയിനിലെ അന്നൗൺസ്‌മെന്റ് പൂർണ്ണമായും ഒഴിവാക്കുക, അല്ലെങ്കിൽ കോവിഡിന് ശേഷം പുനസ്ഥാപിച്ച സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തുക എന്ന ശക്തമായ ആവശ്യമാണ് യാത്രക്കാരിൽ നിന്ന് ഇതോടുകൂടി ഉയർന്നിരിക്കുന്നത്.