ന്യൂഡല്‍ഹി: ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോടാണ് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടിയത്. ഉടന്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജി കത്തെഴുതിയത്.
വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തേടിയത്. രണ്ട് പേജുള്ള കത്തില്‍ വനിതാ ജഡ്ജി ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ബാരബാങ്കിയില്‍ ജോലി ചെയ്യുന്നതിനിടെ ജില്ലാ ജഡ്ജിയില്‍ നിന്ന് ലൈംഗിക അതിക്രമവും ഉപദ്രവവും ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയത്.
‘എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്നെ മരിച്ചതിന് തുല്യമാക്കി മാറ്റി. ആത്മാവ് ഇല്ലാത്തതും നിര്‍ജീവവുമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു പ്രയോജനവുമില്ല. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. മാന്യമായ രീതിയില്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കണമേ’ വനിതാ ജഡ്ജിയുടെ പുറത്തുവന്ന കത്തില്‍ പറയുന്നു.
അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടിയത്. വനിതാ ജഡ്ജിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരമാണ് അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ചീഫ് ജസ്റ്റിസ് കത്തയച്ചത്.
ഡിസംബര്‍ നാലിന് വനിതാ ജഡ്ജി സുപ്രീംകോടതിക്ക് ഒരു പരാതി നല്‍കിയിരുന്നു. ഇത് ജസ്റ്റിസ് ഋഷികേഷ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച വാദംകേള്‍ക്കാനായി എത്തുകയും ചെയ്തു. പരാതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പരിഗണനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ജുഡീഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. വനിതാ ജഡ്ജിയുടെ പരാതിയിലാണ് ഐസിസി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ നടപടികള്‍ക്കായി കാത്തിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സെക്കന്റുകള്‍ മാത്രം വാദം നടന്ന ശേഷം കോടതി ഹര്‍ജി തള്ളുകയും ചെയ്തു.
പിന്നാലെ വ്യാഴാഴ്ചയോടെയാണ് കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുറ്റാരോപിതനായ ജില്ലാ ജഡ്ജി തന്നോട് രാത്രി കാണണമെന്ന് ആവശ്യപ്പെട്ടതായി വനിതാ ജഡ്ജിയുടെ കത്തില്‍ പറയുന്നു. 2022-ല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്‌ട്രേറ്ററര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് വനിതാ ജഡ്ജി ഹൈക്കോടതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. ഈ വര്‍ഷം ജൂലായിലാണ് പരാതി നല്‍കിയത്.
‘ആയിരത്തോളം ഇ-മെയിലുകള്‍ ചെയ്ത ശേഷമാണ് ഐസിസിയുടെ അന്വേഷണം ആരംഭിച്ചത്. ആ അന്വേഷണം കപടവും പ്രഹസനവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിലെ സാക്ഷികള്‍. തങ്ങളുടെ മേലുദ്യോഗസ്ഥനെതിരെ സാക്ഷികള്‍ എങ്ങനെ മൊഴി നല്‍കുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്’ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ വനിതാ ജഡ്ജി പറയുന്നു.
അന്വേഷണഘട്ടത്തില്‍ കുറ്റാരോപിതനായ ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റണമെന്നും എന്നാലെ ന്യായമായ അന്വേഷണം സാധ്യമാവൂവെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നിരസിക്കപ്പെട്ടുവെന്നും വനിതാ ജഡ്ജി വ്യക്തമാക്കി. താന്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയെന്നും കത്തില്‍ ഇവര്‍ പറയുന്നു.