KeralaNews

‘മോഹൻലാലും മമ്മൂട്ടിയും ദിലീപുമാണ് പിന്നിൽ, ആ ലോബി ഇതാ’ കമ്മീഷൻ കണ്ടെത്തൽ ഇങ്ങനെ

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ പവർ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള ചർച്ച മുറുകുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ഈ 15 പേരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഈ പവർ ഗ്രൂപ്പിൽ ആരൊക്കെയാണുള്ളതെന്ന ചോദ്യമാണ് ഉയരുന്നത് .

വിഷയത്തിൽ സംവിധായകൻ വിനയൻ ആയിരുന്നു ആദ്യം തുറന്നടിച്ച് രംഗത്തെത്തിയത്. ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് കാരണക്കാർ തന്നെ ഈ സംഘമാണെന്നായിരുന്നു വിനയൻ പറഞ്ഞത്. എന്നാൽ ഇവർ ആരൊക്കെയാണെന്ന പേര് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കമ്മിറ്റി പുറത്തുവിടാത്ത പേരുകൾ ഞാൻ പറഞ്ഞ് അത് പ്രശ്നമാക്കുന്നില്ലെന്നായിരുന്നു വിനയൻ പറഞ്ഞത്.

അതേസമയം മലയാള സിനിമയെ നിയന്ത്രിച്ചിരിക്കുന്ന ഈ ‘ശക്തൻമാരെ’കുറിച്ച് നേരത്തേ തന്നെ കോമ്പറ്റീഷൻ കമ്മീഷൻ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തിലകൻ അടക്കം പലരേയും സിനിമയിൽ നിന്നും വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കമ്മീഷൻ കണ്ടെത്തൽ. സംവിധായകൻ വിനയന്റെ കേസിലാണ് ഇക്കാര്യങ്ങൾ കമ്മീഷൻ വ്യക്തമാക്കിയത്.

നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സംവിധായകൻ വിനയന് മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ട് 2017 ലായിരുന്നു കോമ്പറ്റീഷൻ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. ഇതിലാണ് സിനിമയിലെ ലോബിയെ കുറിച്ചുള്ള പരാമർശം ഉള്ളത്. മമ്മൂട്ടിയും മോഹൻലാലും ദിലീപും ചേർന്നാണ് വിനയന്റെ സംരംഭമായ സിനിമ ഫോറത്തെ തകർത്തതെന്നാണ് കമ്മീഷൻ വിധിപകർപ്പിൽ പറയുന്നത്. കുറഞ്ഞ ബജറ്റിൽ പുതുമുഖ താരങ്ങളെ വെച്ച് സിനിമയെടുക്കാൻ വിനയൻ നടത്തിയ ശ്രമമായിരുന്നു ഫോറം. അതേസമയം തന്നോട് വ്യക്തിപരമായി മമ്മൂട്ടിക്കും മോഹൻലാലിനും വിരോധം ഇല്ലെന്ന് നേരത്തേ ഒരു അഭിമുഖത്തിൽ വിനയൻ പറഞ്ഞിട്ടുണ്ട്.പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് തനിക്കൊപ്പം നിന്നത് അന്ന് മമ്മൂട്ടിയാണ്.വിനയനോട് ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പറഞ്ഞിരുന്നതായി വിനയൻ പറഞ്ഞിരുന്നു. ദിലീപിനൊപ്പം ഉള്ളവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്നും വിനയൻ കുറ്റപ്പെടുത്തിയിരുന്നു.

കലാസംവിധായകൻ അനിൽ കുമ്പഴയോട് വിനയന്റെ പടത്തിൽ പ്രവർത്തിക്കരുതെന്ന് ദിലീപ് നേരിട്ട് ആവശ്യപ്പെട്ടുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. വിനയൻ ദിലീപിനെതിരെ സംസാരിച്ചതോടെ മാക്ട എന്ന സംഘടന ദിലീപ് തകർത്തെന്നും ഇതിന് ‘അമ്മ’യുടെ പിന്തുണ ലഭിച്ചതായും വിധിയിൽ പറയുന്നുണ്ട്.

അതേസമയം വിനയന്റെ സിനിമകളിൽ നിന്ന് പല നിർമാതാക്കളും പിന്മാറാൻ കാരണം സംവിധായകന്മാരായ ബി ഉണ്ണികൃഷ്ണനും സിബി മലയിലും ഇടവേള ബാബുവും ചെലുത്തിയ സമ്മർദ്ദമാണെന്നും കമ്മീഷൻ വിധിയിൽ പറയുന്നുണ്ട്. വിലക്ക് ലംഘിച്ച് അഭിനയിച്ചതിനെ തുടർന്നാണ് തിലകനെ അമ്മയിൽ നിന്നും പുറത്താക്കിയത്. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ നിന്നും തിലകനെ ഒഴിവാക്കിയതും മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ്. ഇന്ദ്രൻസിനേയും താരസംഘടന ഇടപെട്ട് വിലക്കി.

നടൻ ജയസൂര്യയെ വിനയനുമായി സിനിമകൾ ചെയ്യരുതെന്ന് സംവിധായകൻ സിബി മലയിൽ ഭീഷണിപ്പെടുത്തി. മുതിർന്ന നടൻ മധുവിനേയും വിനയനൊപ്പം അഭിനയിക്കാതിരിക്കാൻ ബി ഉണ്ണികൃഷ്ണനും സിയാദ് കോക്കറും ചേർന്ന് ശ്രമിച്ചെന്നും വിധി പകർപ്പിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker