CricketNewsSports

IPL2025:വ്യക്തിപരമായ അജന്‍ഡയില്‍ കമന്ററി;ഐപിഎല്‍ കമന്ററി പാനലില്‍നിന്ന് ഇര്‍ഫാന്‍ പഠാന്‍ പുറത്ത്

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണിലെ ഔദ്യോഗിക കമന്ററി പാനലില്‍ നിന്നും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐപിഎല്‍ കമന്ററി പാനല്‍ പട്ടികയില്‍ പഠാന്റെ പേരില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണുകളില്‍ കമന്ററി പാനലിലെ പ്രധാന അംഗമായിരുന്നു ഇര്‍ഫാന്‍ പഠാന്‍. പഠാന്റെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ളതാണെന്ന് ചില ഇന്ത്യന്‍ താരങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വിവരം.

സമകാലിക ക്രിക്കറ്റില്‍ കമന്റേറ്ററായും അവതാരകനായും ശ്രദ്ധ നേടിയ പഠാനെ, ഇത്തവണ ഐപിഎല്‍ മത്സരങ്ങളുടെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പഠാന്റെ ‘വാവിട്ട’ കമന്ററിയും ഇതുമായി ബന്ധപ്പെട്ട് ചില ഇന്ത്യന്‍ താരങ്ങള്‍ തന്നെ പരാതിയുമായി രംഗത്തെത്തിയതുമാണ് പഠാനെ തഴയാന്‍ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ പരാമര്‍ശങ്ങള്‍കേട്ട് ഒരു ഇന്ത്യന്‍ താരം പഠാന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായി കായിക വെബ്സൈറ്റായ മൈഖേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേറെയും ചില കളിക്കാര്‍ പഠാനെതിരെ പരാതിനല്‍കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

വ്യക്തിപരമായ വിമര്‍ശനം അതിരുകടന്നതോടെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു ഇന്ത്യന്‍ താരം പഠാനെ ഫോണില്‍ ‘ബ്ലോക്ക് ചെയ്ത’തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇര്‍ഫാന്‍ പഠാന്‍ വ്യക്തിവിരോധം തീര്‍ക്കുന്ന വിധത്തില്‍ ക്രിക്കറ്റ് കമന്ററിക്കിടെ തുടര്‍ച്ചയായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഈ താരം ഉള്‍പ്പെടെയുള്ളവര്‍ പരാതി ഉന്നയിച്ചെന്നാണ് സൂചന.

”ഈ വിവാദം ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇര്‍ഫാന്‍ പഠാന്റെ പേര് കമന്റേറ്റര്‍മാരുടെ പട്ടികയില്‍ ഉണ്ടാകുമായിരുന്നു. ചില താരങ്ങളെ ഉന്നമിട്ട് തികച്ചം അധിക്ഷേപകരമായ രീതിയില്‍ പഠാന്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതായി രണ്ടു വര്‍ഷമായി പരാതിയുണ്ട്. ഈ പരാതി അധികൃതര്‍ ഗൗരവത്തിലെടുത്തു’ വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കളിക്കാരുടെ പരാതിയെ തുടര്‍ന്ന് കമന്റേറ്റര്‍മാരുടെ പാനലില്‍നിന്ന് പുറത്താകുന്ന ആദ്യത്തെ താരമല്ല ഇര്‍ഫാന്‍ പഠാന്‍. പ്രശസ്ത കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ജരേക്കര്‍, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരെയും മുന്‍പ് ക്രിക്കറ്റ് താരങ്ങളുടെ പരാതികളെ തുടര്‍ന്ന് കമന്ററി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

2020ല്‍ ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ബിസിസിഐയുടെ കമന്റേറ്റര്‍മാരുടെ പാനലില്‍നിന്ന് മഞ്ജരേക്കറെ ഒഴിവാക്കിയിരുന്നു. സഹ കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയുമായി ലൈവില്‍വച്ച് വാക്‌പോരിനു മുതിര്‍ന്നതും സൗരവ് ഗാംഗുലിയെ വിമര്‍ശിച്ചതും രവീന്ദ്ര ജഡേജയെ അപഹസിച്ചതുമായിരുന്നു കാരണം.

അതിനു മുന്‍പ് 2016ലാണ് ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് കാരണം പോലും വ്യക്തമാക്കാതെ ഹര്‍ഷ ഭോഗ്‌ലെയെ കമന്ററി പാനലില്‍നിന്ന് ഒഴിവാക്കിയത്. എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് അറിയില്ലെന്ന് അന്ന് ഭോഗ്ലെയും വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker