തിരുവനന്തപുരം: നൂറ് ദിവസം കൊണ്ട് അരലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലയിലാണ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബറിന് മുന്‍പ് അവസരങ്ങള്‍ നല്‍കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 1000 നിയമനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബീറ്റ് ഫോറസ്റ്റ് വിഭാഗത്തില്‍ ജോലി നല്‍കും. തൊഴില്‍ ലഭിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. എല്ലാ ഒഴിവുകളും അറിയിക്കാന്‍ പിഎസ്സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎസ്സി വഴി 5000 പേര്‍ക്കെങ്കിലും നിയമനം നല്‍കുകയാണ് ലക്ഷ്യം. പിഎസ്സി നിയമനങ്ങളില്‍ സര്‍ക്കാര്‍ സര്‍വകാല റെക്കോര്‍ഡ് നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.