ന്യൂഡൽഹി: സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പുരിൽ 22 വയസ്സുള്ള യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. കാമൻലോക്കിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചുരാചന്ദ്പുരിൽ കുക്കി വിഭാഗത്തിലെ യുവാവാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് മെയ്തികളെന്ന് ആരോപണം. കരസേനയും അസം റൈഫിൾസും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സമാധാന ശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പുരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമമുണ്ടായത്.
മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാർ ദീർഘനാളായി ഉയർത്തുന്ന വിഷയമാണ്. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാൽ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു.
എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളിൽ പ്രാതിനിധ്യം ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവർഗ പദവി ലഭിക്കുന്പോൾ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നു.
വിവാദം ഇങ്ങനെ നിൽക്കെ അടുത്തിടെ ഇതിൽ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽപെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തു.
ഇതോടെ പ്രതിഷേധവുമായി നാഗ, കുക്കി വിഭാഗങ്ങൾ എത്തി. മെയ് 3ന് ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങൾ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.