<p>ചെന്നൈ: ലോഡ്ജുകളില്‍ മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ കണ്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്നാട് തിരുവണ്ണാമലൈയ്ക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച യാങ്രുയി(35)യെ ആണ് കണ്ടെത്തിയത്. ഇയാളെ കൊവിഡ് പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>
<p>ജനുവരി 20-നാണ് അരുണാചലേശ്വര്‍ ക്ഷേത്ര ദര്‍ശനത്തിനായി യാങ്രുയി തിരുവണ്ണാമലൈയിലെത്തിയത്. പിന്നീട് സമീപ ജില്ലകളിലുള്ള ഏതാനും ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടര്‍ന്ന് മാര്‍ച്ച് 25-ന് തിരുവണ്ണാമലൈയില്‍ തിരിച്ചെത്തിയെങ്കിലും ചൈനക്കാരനായതിനാല്‍ ആരും ലോഡ്ജുകളില്‍ മുറി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് താന്‍ ഗുഹയില്‍ അഭയം പ്രാപിച്ചതെന്ന് യാങ്രുയി അധികൃതരോട് പറഞ്ഞു.</p>
<p>യാങ്രുയിയെ വനംവകുപ്പ് അധികൃതര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്ലൈന്‍ ഡെസ്‌കിന് കൈമാറി. പിന്നാലെ ഹെല്‍പ്പ്ലൈന്‍ ഡെസ്‌ക് തിരുവണ്ണാമലൈ ജില്ല കളക്ടര്‍ കെ.എസ്. കന്തസ്വാമിയെ ബന്ധപ്പെടുകയും യുവാവിനെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദേശിക്കുകയുമായിരുന്നു.</p>