ഒന്നിച്ചുകിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്; വിചിത്ര നിര്‍ദേശങ്ങളുമായി ചൈന
ബെയ്ജിംഗ്: കൊവിഡ് പടര്‍ന്നുപിടിച്ച ഷാങ്ഹായില്‍ കടുത്തതും വിചിത്രവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈനീസ് അധികൃതര്‍. ചൈനയിലെ നിലവിലെ കോവിഡ് സ്‌ഫോടനത്തിന്റെ ഹോട്ട്‌സ്‌പോട്ടാണ് ഷാങ്ഹായ്. ദിവസേനയുള്ള അണുബാധയുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണ്. ഇതുമൂലം 26 ദശലക്ഷം നിവാസികളോടും ഒരു വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
ജനങ്ങളെ നിരീക്ഷിക്കാന്‍ നഗരത്തില്‍ ഡ്രോണുകള്‍ തലങ്ങും വിലങ്ങും പറക്കുകയാണ്. എല്ലാവര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍, സാധനങ്ങള്‍ ബാല്‍ക്കണിയില്‍ ലഭിക്കാത്തവര്‍ പ്രതിഷേധിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നതു പതിവായതോടെയാണ് നിരീക്ഷണത്തിനു ഡ്രോണുകളും എത്തിയത്. ഡ്രോണ്‍ വഴി ജനങ്ങള്‍ക്കുള്ള അറിയിപ്പുകളും കൊടുക്കുന്നുണ്ട്.
കര്‍ശന നിയന്ത്രണം പാലിക്കാനാണ് നിര്‍ദേശം. ജനലുകള്‍ തുറക്കുകയോ ബാല്‍ക്കണിയില്‍നിന്നു പാട്ടുപാടുകയോ ചെയ്യാന്‍ പാടില്ല. മെഗാഫോണിലൂടെ നഗരത്തിന്റെ തെരുവുകളിലും ഇതേ കാര്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുന്നുണ്ട്.
ദമ്പതികള്‍ ഒന്നിച്ചു കിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, ആലിംഗനം അനുവദനീയമല്ല, പ്രത്യേകം പ്രത്യേകം ഭക്ഷണം കഴിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജനങ്ങള്‍ക്കു നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. റോബോട്ടുകള്‍ ഷാങ്ഹായി തെരുവുകളില്‍ പട്രോളിംഗ് നടത്തുകയും അറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഷാങ്ഹായിയില്‍ ഭക്ഷണ സാധനങ്ങളുടെ മതിയായ കരുതല്‍ ശേഖരമുണ്ട്, എന്നാല്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നടപടി മൂലം വിതരണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി- ഷാങ്ഹായ് വൈസ് മേയര്‍ ചെന്‍ ടോംഗ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചില മൊത്തവ്യാപാര മാര്‍ക്കറ്റുകളും ഭക്ഷണ സ്റ്റോറുകളും വീണ്ടും തുറക്കാന്‍ ശ്രമിക്കുമെന്നും ലോക്ക് ഡൗണ്‍ ഏരിയകളില്‍ കൂടുതല്‍ ഡെലിവറി ജീവനക്കാരെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഡെലിവറി ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ പ്രത്യേക അനുമതിയുള്ള ആളുകള്‍ എന്നിവരെ മാത്രം തെരുവുകളില്‍ അനുവദിച്ചുകൊണ്ടാണ് ചൈനയിലെ സാമ്പത്തിക കേന്ദ്രം കൂടിയായ ഷാഹ്ഹായി കോവിഡിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നത്.