FeaturedHome-bannerKeralaNews

സ്കൂളിൽ സർ, മാഡം വിളി വേണ്ട;ലിംഗ വ്യത്യസമില്ലാതെ ‘ടീച്ചറെ’ന്നു വിളിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം∙ ജെൻഡർ വ്യത്യാസങ്ങളില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. മാഡം, സർ വിളി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ലിംഗനീതിക്കും അഭികാമ്യം ടീച്ചർ എന്നു വിളിക്കുന്നതാണ്. ഇക്കാര്യത്തിൽ സ്കൂളുകൾക്കു നിർദേശം നൽകണമെന്നു ഡിപിഐയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്നു കമ്മിഷൻ അറിയിച്ചു.

അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യുവാൻ കഴിയുന്ന അനുയോജ്യമായ പദം ടീച്ചറാണ്. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ചെയർപഴ്‌സൻ കെ.വി. മനോജ്കുമാർ, അംഗം സി.വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നവസമൂഹ നിർമിതിക്ക് നേതൃത്വം നൽകുന്നവരും നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ അതിന്റെ സങ്കൽപ്പത്തിനോ തുല്യമാകുന്നില്ല. ടീച്ചർ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ ഒരു സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്‌നേഹപൂർണമായ ഇടപെടലിലൂടെ ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദനം നൽകാനും എല്ലാ ടീച്ചർമാരും സേവന സന്നദ്ധരായി മാറണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.

ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മിഷനുകൾ ആക്ടിലെ 15-ാം വകുപ്പ് പ്രകാരമാണ് കമ്മിഷൻ ശുപാർശകൾ പുറപ്പെടുവിച്ചത്. ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടു മാസത്തിനകം ലഭ്യമാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker